 
ചെങ്ങന്നൂർ: സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമല്ല പ്രായമായവർക്കും ഈ കനാൽ റോഡിൽക്കൂടി നടക്കാൻ പേടിയാണ്. കാടും പടലും മൂടി കിടക്കുന്ന മുളക്കുഴയിലെ പി.ഐ.പി കനാലിൽ ഇറച്ചിക്കോഴി അവശിഷ്ടങ്ങളും അറവ് മാലിന്യവും വലിച്ചെറിയുന്നതുമൂലം തെരുവു നായകളും ഇഴജന്തുക്കളും ഉൾപ്പടെയുളള ക്ഷുദ്ര ജീവികളും താവളമാക്കിയിരിക്കുകയാണ്. കാൽ നടയായി ഇതുവഴി എത്തുന്നവരെ തെരുവുനായ്കൾ കൂട്ടമായി ആക്രമിക്കാൻ എത്തുന്നതാണ് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കുന്നു. മാത്രമല്ല മാലിന്യ നിക്ഷേപം മൂലം കനാൽ ജലം മലിനമാകുന്നതിനൊപ്പം പ്രദേശമാകമാനം ദുർഗന്ധ പൂരിതമാണ്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന തൈക്കുഴി, മുളക്കുഴ, പെരിങ്ങാല, അരീക്കര, പൂപ്പൻകര, പിരളശേരി എന്നിവിടങ്ങളിൽ നിന്നും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും നൂറ് കണക്കിന് ആൾക്കാർ ഈ കനാലിനെയാണ് ആശ്രയിക്കുന്നത്. മാലിന്യാവശിഷ്ടങ്ങൾ കെട്ടിനിൽക്കുന്ന ഈ ജലത്തിൽ കുളിക്കേണ്ടി വരുന്നതുമൂലം ആളുകൾക്ക് ശരീരത്തിൽ ചൊറിച്ചിലും അലർജിയും ഉണ്ടാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
തെരുവ് നായ ശല്യം രൂക്ഷം
ജലമൊഴുകുന്ന പി.ഐ.പി കനാലിൽ കാടുമൂടിയിട്ടും ഇത് വെട്ടിത്തെളിക്കാനോ മാലിന്യ നിക്ഷേപം തടയാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. രാത്രികലാങ്ങളിൽ വാഹനങ്ങളിലെത്തുന്നവരാണ് കനാലിൽ വൻ തോതിൽ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി മാലിന്യം നിക്ഷേപിക്കുന്നത്. ഇത് ഭക്ഷണമാക്കാനാണ് തെരുവുനായകൾ പ്രദേശത്ത് തമ്പടിക്കുന്നത്. മാംസാവശിഷ്ടങ്ങൾ പ്രദേശത്തുകൂടി നായകൾ വലിച്ചിഴച്ചു കൊണ്ടു നടക്കുന്നതും പതിവാണ്. ഇടതൂർന്നു നിൽക്കുന്ന കാടുകളിലാണ് ഇഴജന്തുക്കളുടെ അധിവാസം.പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ സമീപത്തെ വീടുകളിലേക്ക് ഇവ എത്തുന്നതും കാൽ നടയായും ഇരുചക്രവാഹനങ്ങളിലും യാത്രചെയ്യുന്നവരെ തെരുവുനായ്കൾ ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണ്.
..........................
ബന്ധപ്പെട്ട ഇറിഗേഷൻ ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചിട്ടും പരിഹാരം കാണാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
അനീഷ്
(പ്രദേശവാസി)