റാന്നി: റാന്നിയിൽ നടക്കുന്ന അയ്യപ്പ മഹാ സത്രത്തിൽ അമൃതാനന്ദ മയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി പങ്കെടുക്കും. 16 വൈകിട്ട് 5 .30ന് എത്തുന്ന സന്യാസിയെ സംഘാടകർ പൂർണകുംഭം നൽകി സ്വീകരിക്കും. തുടർന്ന് 6.30ന് അനുഗ്രഹ പ്രഭാഷണം ആരംഭിക്കും. പൂർണാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ ഭക്തി ഗാനാർച്ചനയും ആരതിയും നടക്കും. സത്ര വേദിയിൽ ഏറെ നേരം പൂർണാമൃതാനന്ദ പുരി ചിലവഴിക്കും. ഇന്നലെ നടന്ന നാരായണീയ യജ്ഞത്തിൽ എഴുത്തുകാരനും പ്രഭാഷകനും ഭക്തി ഗാന രചയിതാവുമായ ഡോ.സുരേഷ് റാന്നി പങ്കെടുത്തു. ധർമ്മ സംരക്ഷണം അമ്മമാരിലൂടെ മാത്രമേ സമ്പൂർണമാക്കാൻ കഴിയൂ എന്നദ്ദേഹം പറഞ്ഞു. ഈശ്വരൻ ഉള്ളിൽ വസിക്കുന്നുവെന്നാണ് ഹൈന്ദവ ധർമം പഠിപ്പിക്കുന്നത്. ഉള്ളിൽ ഈശ്വരൻ വസിക്കുന്നുവെങ്കിൽ ഉള്ളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് പാപമാണെന്ന വിശ്വാസം അമ്മമാരാണ് സമൂഹത്തിലേക്ക് പകരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.അന്നദാനം 24 ദിവസം പൂർത്തിയാക്കി. അന്നദാന യഞ്ജത്തിലും നാരായണീയ യഞ്ജത്തിലും സ്വാമി പവനപുത്ര ദാസ്, മഹാ സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, രാധാകൃഷ്ണൻ പെരുമ്പട്ടി, മോഹന ചന്ദ്രൻ കാട്ടൂർ, വിജയ ലക്ഷ്മി, സുമതി ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.