ശബരിമല : സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ ശബരിമലയിൽ അനുവദിച്ച നൂറ് കോടി രൂപയിൽ എൺപത് കോടിയും പാഴാകുന്നു. ഇതുവരെ 20 കോടിയുടെ പദ്ധതിക്ക് മാത്രമാണ് മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തി അനുമതി നൽകിയിരിക്കുന്നത്. 2015 ലാണ് കേന്ദ്ര സർക്കാർ ശബരിമല വികസനത്തിന് തുക അനുവദിച്ചത്. 36 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കണമെന്ന വ്യവസ്ഥയിലാണ് ആദ്യ ഗഡുവായ 20 ലക്ഷം അനുവദിച്ചത്. എന്നാൽ ഇവയിൽ പലതും പൂർത്തിയായിട്ടില്ല.

പദ്ധതി തയ്യാറാക്കി നൽകുന്നതിൽ ദേവസ്വം ബോർഡിന് പറ്റിയ വീഴ്ചയും വനം വകുപ്പിന്റെ തടസവാദങ്ങളുമാണ് പ്രശ്നമായത്. മാസ്റ്റർപ്ളാനിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം നടത്തണമെന്ന കേന്ദ്ര നിർദ്ദേശം വന്നതോടെ വനംവകുപ്പ് നിലപാട് കടുപ്പിക്കുകയായിരുന്നു. ഇത് പിന്നീട് വനം വകുപ്പും ബോർഡും തമ്മിലുള്ള അതിർത്തി തർക്കമായി മാറുകയും ചെയ്തു. ഇതോടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കൽ നീളുകയായിരുന്നു. ഹൈക്കോടതി ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ബോർഡും ഉന്നതാധികാര സമിതിയും മെല്ലെപ്പോക്ക് നയം സ്വീകരിച്ചതോടെ പണം നഷ്ടപ്പെടുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
നീലിമലപാതയിൽ കരിങ്കൽ പാകൽ, പമ്പയിൽ സ്നാനഘട്ട നവീകരണം, വാട്ടർ കിയോസ്കുകൾ

സ്ഥാപിക്കൽ എന്നിവയാണ് 20 കോടിയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ.

സന്നിധാനത്ത് രണ്ട് ഹെൽത്ത് കിയോസ്ക്, വളവുകളിൽ വീതി കൂട്ടൽ, ശരംകുത്തിയിൽ ക്യൂ കോംപ്ളക്സ്, പിൽഗ്രിം സെന്റർ, പ്രസാദം കൗണ്ടർ, മണ്ഡപം, സ്റ്റേജ്, ശുദ്ധജലവിതരണ ആർ.ഒ പ്ളാന്റ്, പമ്പയിൽ കിയോസ്ക്, പാർക്കിംഗ് ഗ്രൗണ്ട്, നടപ്പാത, മണ്ഡപം, പമ്പാ തീരത്ത് ഷവർ, ശുചിമുറി സമുച്ചയം, ഖരമാലിന്യ സംസ്കരണ ശാല, മാലിന്യ സംസ്കരണ ശാല, കുടിവെള്ള ഫൗണ്ടൻ, വൈദ്യുതീകരണം. നീലിമല പാതയിൽ ഹെൽത്ത് കിയോസ്ക്, സെക്യൂരിറ്റ് കാമ്പിൻ, റാംപ്, സി.സി.ടി.വി കാമറ, ട്രാക്ടർ വഴി എന്നിവയാണ് കേന്ദ്ര ഫണ്ടിന് സമർപ്പിച്ചിരിക്കുന്ന പദ്ധതികൾ....