കോന്നി: ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലുൾപ്പെടുന്ന ചെമ്മാനി മിച്ചഭൂമിയിലേക്കുള്ള വഴിവിളക്കുകൾ സ്ഥാപിക്കുന്നതിന് വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിദ്ധ്യമുള്ള പ്രദേശത്ത് കൂടി ചെമ്മാനി മിച്ചഭൂമിയിലെ നൂറോളം കുടുംബങ്ങൾക്ക് രാത്രിയാത്ര ചെയ്യുവാൻ കഴിയാത്ത സാഹചര്യമായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ റേഷൻകടപ്പടിയിൽ നിന്ന് 500 മീറ്റർ ദൂരം ചെമ്മാനി തോട്ടത്തിലെ വിജനമായ സ്ഥലത്തു കൂടി യാത്ര ചെയ്തു വേണം പ്രദേശത്തെ ജനങ്ങൾക്ക് താമസ സ്ഥലത്ത് എത്തിച്ചേരുവാൻ.വഞ്ചിനാട് എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥലയിലുള്ള സ്ഥലം 1980 മുൻപ് പറങ്കി മാവുകൾ നിറഞ്ഞ തോട്ടമായിരുന്നു. പിന്നീട് സർക്കാർ ഈ പ്രദേശം മിച്ചഭൂമിയായി പ്രഖ്യാപിച്ചു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭൂരഹിതരായ ജനങ്ങൾക്ക് പ്ലോട്ടുകൾ തിരിച്ചു നൽകുകയുമായിരുന്നു. ഇതിനാലാണ് പ്രദേശം മിച്ചഭൂമിയെന്ന പേരിൽ ഇന്നും അറിയപ്പെടുന്നത്. ചുറ്റും റബർ തോട്ടത്തിൽ ചുറ്റപ്പെട്ട പ്രദേശത്തേക്ക് അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ നാടുകാണിയിൽ നിന്നും, കോന്നി തണ്ണിത്തോട് റോഡിലെ കൊന്നപ്പാറ ചെങ്ങറ മുക്കിൽ നിന്നും പഞ്ചായത്ത് റോഡുകളുണ്ട്. അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ റേഷൻകടപ്പടിയിൽ നിന്ന് റോഡുണ്ട്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്തുമായി സഹകരിച്ചാണ് പ്രദേശത്ത് തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.
........................................
ചെമ്മാനി മിച്ചഭൂമിയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് പ്രദേശത്തെ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിയ്ക്കുന്നതിനും പ്രദേശം സമ്പൂർണമായി വൈദ്യുതീകരിക്കുക വഴി വെളിച്ചം എത്തിയ്ക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഇതിനായി ഏകദേശം 16.50 ലക്ഷം രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതമായി വകയിരുത്തിയിട്ടുണ്ട്.
പ്രവീൺ പ്ലാവിളയിൽ
(ബ്ലോക്ക് പഞ്ചായത്ത് അംഗം)
പി.വി ജോസഫ് (പഞ്ചായത്ത് അംഗം)