
പന്തളം: എം.സി റോഡിൽ മണികണ്ഠനാൽത്തറയ്ക്ക് സമീപവും കുരമ്പാലയിലും കഴിഞ്ഞ ദിവസം രാത്രി കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടു. മണികണ്ഠനാൽത്തറയ്ക്ക് സമീപം തടിലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കുരമ്പാലയിൽ ബസ് വീടിന്റെ പറമ്പിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. ശനിയാഴ്ച രാത്രി 12 മണിയോടെ ആൽത്തറയ്ക്ക് സമീപം തടിലോറിയും തിരുവനന്തപുരത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. ബസിലുണ്ടായിരുന്ന എട്ടുപേർക്കാണ് പരിക്കേറ്റത്. എല്ലാവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുണ്ടക്കയം സ്വദേശികളായ ചിറക്കൽ പുരയിടത്തിൽ അമീൻ (26), ഇടക്കരയിൽ അൽഫാസ് എബ്രഹാം (22), ഇടുക്കി വേഴപ്പറമ്പിൽ ജോസ് ജോർജ് (51), നെടുങ്കണ്ടം സ്വദേശി ലിഡിയ (27), പത്തനാപുരം പുന്നല വെട്ടുവിലക്കോണിൽ എം.എം.മുസ്തഫ (52), മൂവാറ്റുപുഴ മുല്ലശ്ശേരിൽ എം.വി.രതീഷ് (39), ഇടുക്കി രാജമുടി മുകളയിൽ ഷിജോ വർഗീസ് (47), ഇടുക്കി അമ്പലപ്പാറ പുത്തൻവീട്ടിൽ മധുരാമണി (55) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല
ബസ് വലതുഭാഗത്തേക്ക് തെന്നിമാറി എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും അഗ്‌നിരക്ഷാസേന രക്ഷപെടുത്തി അടൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു. അഗ്‌നിരക്ഷാ സേനയും പന്തളം പൊലീസും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങൾ റോഡിൽ നിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
അടൂർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ഷാനവാസ്, ഓഫീസർമാരായ രാജേഷ്, സാനിഷ്, രഞ്ജിത്, കൃഷ്ണകുമാർ, ശ്രീജിത്ത്, സന്തോഷ് ജോർജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
പുലർച്ചെ അപകടം
പന്തളം കുരമ്പാല പൈനുംമൂട് കവലയ്ക്ക് സമീപം അമൃത വിദ്യാലയത്തിന് മുൻവശത്താണ് രണ്ടാമത്തെ അപകടം ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ നടന്നത്. പുനലൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്നു ബസ്. റോഡിൽ നിന്ന് തെന്നിമാറി വശത്തെ ബാരിക്കേഡ്, കേബിൾ തൂണ്, വൈദ്യുതി തൂണ് എന്നിവ ഇടിച്ചു തകർത്താണ് കിഴക്കേ തോണ്ടലിൽ വീടിന്റെ പറമ്പിൽ ബസ് നിന്നത്. യാത്രക്കാർക്ക് നിസാര പരിക്കേറ്റു.