കോന്നി : കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ കാമറയുമായി പരിശോധന ആരംഭിച്ചു . അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, കോന്നി ഡി.എഫ്.ഓ ആയുഷ്‌ കുമാർ കോറി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു പരിശോധന.

ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കൂടൽ ഇഞ്ചപ്പാറ മേഖലയിൽ പുലിയെ കണ്ടെത്തുവാൻ നിരീക്ഷണം നടത്തുന്നത്. അഞ്ച് കിലോമീറ്റർ ദൂര പരിധിയിൽ പ്രവർത്തിക്കുന്ന ഡ്രോൺ രാത്രിയിലും സെർച്ച് ലൈറ്റ് ഉപയോഗിച്ച് തെരച്ചിൽ നടത്തും. തെർമൽ കാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ ചൂട് തിരിച്ചറിഞ്ഞു കണ്ടെത്തുന്ന സംവിധാനം തെർമൽ കാമറയിൽ ഉണ്ട്.
കല്യാൺ സോമൻ ഡയറക്ടർ ആയിട്ടുള്ള ടീമിൽ അനിൽ കുമാർ മച്ചാനി ശ്രീറാം, ദാസ്, ദിവ്യ സുന്ദർ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്നലെ ഉച്ചയ്ക്ക് മുതൽ സംഘം വനപാലകരോടൊപ്പം പുലിക്കായി തെരച്ചിൽ നടത്തി. രാക്ഷസൻപാറയിൽ രാത്രി ക്യാമ്പ് ചെയ്ത് പരിശോധന നടത്തും.
കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഷാൻ ഹുസൈൻ, ആശാസജി, നടുവത്ത് മൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശരത് ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിതാസജി, മേഴ്‌സി, ബിന്ദു റെജി, എസ്.പി.സജൻ, ജൂബി ചക്കുതറയിൽ, പവിൻ കുമാർ, വിഷ്ണു തമ്പി എന്നിവർ എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.