11-mavara-padasekharam

പന്തളം : തോട് പുനരുദ്ധാരണം വൈകിയതുകാരണം കൃഷി ചെയ്യാൻ ‌മടിച്ച് കർഷകർ. തുമ്പമൺ പഞ്ചായത്തിലെ വിജയപുരം ​ മാവരപാടശേഖരത്തിലെ നെൽ കർഷകരാണ് അധികൃതരുടെ അവഗണന കാരണം പ്രതിസന്ധിയിലായത്. രണ്ട് പതിറ്റാണ്ടിലേറെയായി തരിശായികിടന്ന 25 ഹെക്ടർ പാടമാണ് ഇത്. ഇരുപതോളം കർഷകൾ ചേർന്ന് രൂപീകരിച്ച പാടശേഖരസമിതി 2015 മുതൽ അഞ്ച് വർഷം കൃഷി ചെയ്തു. എന്നാൽ പുനരുദ്ധാരണം വൈകിയതുമൂലം പന്തളം തെക്കേക്കര പഞ്ചായത്തിലെ കീരുകുഴി തൊടുകുളംഭാഗത്തുനിന്ന് ഉൽഭവിച്ച് വിജയപുരം പാടശേഖരത്തിലൂടെ മാവര വലിയ തോട്ടിൽ എത്തുന്ന രണ്ടു കിലോമീറ്ററോളം ദൈർഘ്യം വരുന്ന തോടാണ് കർഷകർക്ക് ദുരിതമായി മാറിയത്. തോട്ടിൽ മണ്ണ് ഒലിച്ചിറങ്ങി നികന്നതോടെ ഈ തോട്ടിലൂടെ വെള്ളം ഒഴുകി പോകാൻ കഴിയാതെ വന്നു. പാട ശേഖരത്തിലെ വെള്ളം ഒഴുക്കി വിടുന്നതിനും ആവശ്യമുള്ളപ്പോൾ ജലം കൃഷിക്ക് ഉപയോഗിക്കാനും കഴിയാതെയായി. ഇതു കാരണം കർഷകർ വലഞ്ഞു. കൊയ്യാൻ പാകം ആകുമ്പോൾ വയലിൻ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ നെല്ല് കൊയ്തെടുക്കാനാകുന്നില്ല. കൃഷി ചെയ്തപ്പോഴെല്ലാം കൊയ്ത്ത് പ്രതിസന്ധിയിലായി. കൊയ്ത്ത് മെതിയന്ത്രം പുതയുന്നതിനാൽ യന്ത്രം ഉപയോഗിച്ചു കൊയ്യാനും കഴിയില്ല. ചെളിയിൽ പുതഞ്ഞ യന്ത്രം ക്രെയിൻ ഉപയോഗിച്ചാണ് കരക്ക് കയറ്റിയത്. പിന്നീട് തൊഴിലാളികളെ കൊണ്ട് കൊയ്തെടുത്ത് കരയ്ക്ക് എത്തിച്ച് യന്ത്രത്തിന്റെ സഹായത്തോടെ മെതിച്ചു.അപ്പോഴേക്കും പകുതിയിൽ എറെ നെൽമണികൾ നഷ്ടപ്പെടുകയും ചെയ്തു.