padam
വെള്ളംകെട്ടിക്കിടക്കുന്ന ചാത്തങ്കരി പാടശേഖരം

തിരുവല്ല : കനത്തമഴയെ തുടർന്ന് അപ്പർകുട്ടനാട്ടിലെ മുന്നൂറിലധികം ഏക്കറിലെ നെൽകൃഷി വെള്ളത്തിലായി. കഴിഞ്ഞയാഴ്ച വിത്ത് വിതച്ച ചാത്തങ്കരി, വളവനാരി എന്നീ പാടശേഖരങ്ങളിലെ കൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. വിതയ്ക്ക് ശേഷം വെള്ളം വറ്റിക്കേണ്ട സമയത്താണ് അപ്രതീക്ഷിതമായി മഴയെത്തിയത്. ഇതുമൂലം വിത്ത് മുങ്ങിക്കിടന്ന് നശിച്ചു. രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ മിക്ക പാടശേഖരങ്ങളിലും വെള്ളം നിറഞ്ഞു. 320 ഏക്കറുള്ള ചാത്തങ്കരി പാടത്തെ 130 കർഷകർക്കാണ് കൃഷിനാശം സംഭവിച്ചത്. വളവനാരി പാടത്തെ 60 എക്കറിലും കൃഷിനാശമുണ്ടായി. ഇവിടെ മുപ്പതിലധികം കർഷകരുണ്ട്. സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. പാടശേഖരത്തോട് ചേർന്നുള്ള പ്രധാന വാച്ചാൽ തോട് തെളിക്കാതിരുന്നതും കർഷകർക്ക് വിനയായി. ഇതുകാരണം പാടത്ത് കെട്ടിക്കിടക്കുന്ന മഴവെള്ളം സുഗമമായി ഒഴുകി മാറുന്നില്ല. മഴ തുടരുന്നതിനാൽ കർഷകർ ആശങ്കയിലാണ്. കഴിഞ്ഞവർഷം മഴ തുടർന്നതിനാൽ ഡിസംബർ അവസാനമാണ് വിത്തുവിതച്ചത്. ഇത്തവണ മഴ കുറഞ്ഞതിനാൽ നേരത്തെ വിത്ത് വിതയ്ക്കാൻ കർഷകർ തയ്യാറായി. കഴിഞ്ഞാഴ്ച സബ്സിഡിയായി ലഭിച്ച വിത്ത് വിതച്ച കർഷകർക്കാണ് കനത്തമഴയിൽ നാശമുണ്ടായത്. പാടത്ത് മോട്ടോർ സ്ഥാപിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പാടത്തെ വെള്ളം വറ്റിച്ച് വീണ്ടും വിത്ത് വിതയ്ക്കാനുള്ള അടിയന്തര സഹായങ്ങൾ അധികൃതർ ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു.