ചെങ്ങന്നൂർ: ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ട് ചെങ്ങന്നൂർ നഗരസഭയിലെ മൂന്നു വാർഡുകളിൽ വരുത്തിയ കടുത്ത നിയന്ത്രണത്തിൽ ആശങ്കയിലായ നാട്ടുകാർ ഇന്ന് നടക്കുന്ന മന്ത്രി തല ചർച്ചയെ പ്രതിക്ഷയോടെ കാണുന്നു. നഗരസഭയിലെ അഞ്ച്, ആറ്, ഏഴ് വാർഡുകൾ ഉൾപ്പെടുന്ന മംഗലം-വാഴാർ മംഗലം പ്രദേശങ്ങളാണ് അതിതീവ്ര മേഖലയിലുള്ളത്. ഇവിടങ്ങളിൽ ഒരുമാസമായി വീടുനിർമ്മാണം അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അധികൃതരുടെ നിർദേശപ്രകാരം നിറുത്തിവച്ചിരിക്കുകയാണ്. വിഷയത്തിൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധത്തിലാണ്. പുതിയ സർവേ നടത്തി മാസ്റ്റർ പ്ലാൻ പുനഃപ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ നഗരസഭ കഴിഞ്ഞയാഴ്ച ആരംഭിച്ചു. എന്നാൽ പ്രദേശവാസികൾ ഇതിലെ ആശങ്ക അധികൃതരെ അറിയിച്ചിരുന്നു . ഇത് നഗരസഭയും, സജി ചെറിയാൻ എം.എൽ.എ.യും മന്ത്രി എം.ബി. രാജേഷിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഇന്ന് ചർച്ച നടക്കുന്നത്.

കൊവിഡ് കാലത്തു പാസാക്കിയ മാസ്റ്റർ പ്ലാൻ 2021 ജൂൺ നാലിന് ചെങ്ങന്നൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ അജണ്ടയായി വന്നിരുന്നു ഇത് കൗൺസിൽ പാസാക്കി ജൂൺ 10ന് വിജ്ഞാപനമിറക്കി. ഇത് നഗരസഭ വെബ്‌സൈറ്റിൽ ലഭ്യമായിരുന്നതായി പറയുന്നു. പിന്നീട് 2021ൽ മാസ്റ്റർ പ്ലാൻ നിലവിൽ വന്നു. എന്നാൽ ഈയടുത്ത് പ്രദേശത്ത് കെട്ടിട നിർമാണത്തിനടക്കം അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് വിഷയത്തിന്റെ വ്യാപ്തി നാട്ടുകാർ തിരിച്ചറിഞ്ഞത്. പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുമായി ചർച്ച നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. 2016-ൽ നിയമസഭയിൽ പാസാക്കിയ നഗര-ഗ്രാമാസൂത്രണ ആക്ട് പ്രകാരം സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി ആവിഷ്‌കരിച്ചതാണ് മാസ്റ്റർ പ്ലാൻ. സംസ്ഥാന തലത്തിൽ ചെങ്ങന്നൂർ, മാനന്തവാടി നഗരസഭകളിലാണ് ആദ്യഘട്ടത്തിൽ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

വീടുപണിക്ക് കർശനമായ ചട്ടങ്ങൾ

വരുന്ന 20 വർഷം കണക്കിലെടുത്ത് മാസ്റ്റർ പ്ലാൻ 2041 എന്ന പേരിലറിയപ്പെടുന്ന പ്ലാനിൽ വെള്ളപ്പൊക്ക സാദ്ധ്യത അടിസ്ഥാനപ്പെടുത്തിയാണ് പ്രദേശങ്ങളെ വിവിധ മേഖലകളായി തിരിച്ചിരിക്കുന്നത്. കെട്ടിടം പില്ലറിൽ നിർമ്മിക്കണം, മാസ്റ്റർ പ്ലാൻ പ്രകാരം നദീതീരത്തു നിന്ന് 20 മീറ്റർ ദൂരത്തിലുള്ള അതിതീവ്ര മേഖലകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ പരമാവധി 645 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട നിർമ്മാണമേ അനുവദിക്കു,. മൂന്നു മീറ്റർ ഉയരത്തിൽ പില്ലറുകൾ നിർമ്മിച്ചാണ് കെട്ടിടം പണിയേണ്ടത്. മുകൾ നില നിർമ്മിച്ചാൽ 50 ശതമാനം തുറന്ന ടെറസാകണം. രക്ഷാപ്രവർത്തനം മുൻനിറുത്തിയാണ് ഇത്. നദീതീരത്തു നിന്ന് 20 മുതൽ 50 മീറ്റർ വരെ ദൂരത്തിലുള്ള പ്രദേശങ്ങൾ മീഡിയം റിസ്‌ക് സോണിലായിരിക്കും. ഇവിടങ്ങളിൽ രണ്ടു മീറ്ററിലാണ് പില്ലർ വേണ്ടത്. 1076 അടി വിസ്തീർണമാകാം. മുകൾ നില പണിയുന്നത് 30 ശതമാനം മാത്രമായിരിക്കണം. ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ പാലിക്കേണ്ടി വന്നാൽ ലൈഫ് പദ്ധതിയിൽ പോലും പ്രദേശത്തു വീടുവയ്ക്കാൻ കഴിയുകയില്ല. നഗരസഭയിലെ മൂന്നു വാർഡുകളിലുമായി നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണി മാത്രമേ ഭാവിയിൽ നടത്താനാകൂ. സ്ഥലത്തിന്റെ വില കുറയാനും കാരണമാകും.