sabarimala-yathra-
യുവാക്കൾ ശബരിമലയാത്രക്കിടെ

കോന്നി: വ്യത്യസ്ഥ ശബരിമല യാത്രയുമായി തിരുവനന്തപുരം ആര്യനാട് സ്വദേശികളായ ആറ് യുവാക്കൾ ശ്രദ്ധേയരാകുന്നു. വരുൺ, കൃഷ്ണപ്രസാദ്, സുരേഷ്, മഹേഷ്, പ്രവീൺ,അനന്ദു എന്നിവരാണ് കാൽനടയായി വിവിധ ക്ഷേത്രങ്ങളിൽ തങ്ങി ശബരിമലയിലേക്ക് പോകുന്നത്. കഴിഞ്ഞ ദിവസം ഇവർ കോന്നിയിൽ എത്തി. ഇതിൽ വരുൺ സൈക്കിളിലാണ് യാത്ര ബാക്കിയുള്ളവർ കാൽനടയായും. ആര്യനാട് ക്ഷേത്രത്തിൽ നിന്നും കെട്ട് നിറച്ച് യാത്ര തുടങ്ങുന്ന ഇവർ ആദ്യദിവസം രാത്രിയിൽ വാമനപുരം കുറ്റൂർ ക്ഷേത്രത്തിലും, രണ്ടാം ദിവസം രാത്രിയിൽ ചടയമംഗലം ക്ഷേത്രത്തിലും, മൂന്നാം ദിവസം വെട്ടിക്കവല ക്ഷേത്രത്തിലും, രാത്രി കലഞ്ഞൂർ ക്ഷേത്രത്തിലും, നാലാം ദിവസം ഉച്ചയ്ക്ക് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും, രാത്രി വടശേരിക്കര ക്ഷേത്രത്തിൽ തങ്ങും.അഞ്ചാം ദിവസം നിലയ്ക്കലിലോ പമ്പയിലോ തങ്ങിയ ശേഷം പിറ്റേ ദിവസം മലകയറും. സൈക്കിളിൽ മുൻപിൽ യാത്ര ചെയ്യുന്ന വരുൺ ഒപ്പമുള്ള അഞ്ചുപേരും എത്തിച്ചേരുന്നതിനു മുൻപ് വിരിവയ്ക്കുന്ന ക്ഷേത്രങ്ങളിൽ എത്തി അതിനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തും. ഭക്ഷണം ക്ഷേത്രങ്ങളിൽ നിന്ന്കഴിക്കും. കഴിഞ്ഞ നാലുവർഷങ്ങളായി ഈ സംഘം ഇതേ രീതിയിൽ ശബരിമല യാത്രചെയ്യുന്നു. ദർശനം കഴിഞ്ഞതിന് ശേഷം വരുണിന്റെ സൈക്കിൾ അഴിച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ മുകളിൽ ഇട്ടശേഷം ആറുപേരും ഒരുമിച്ചു ബസിൽ നാട്ടിലേക്ക് യാത്ര തിരിക്കും. സംഘത്തിലെ വരുൺ ആര്യനാട്ട് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് നടത്തുന്നു. കൃഷ്ണപ്രസാദ് സുരേഷ് എന്നിവർ കേന്ദ്ര സർക്കാരിന്റെ ലേബർ മന്ത്രാലയത്തിലെ ജീവനക്കാരാണ്, അനന്ദു ഐ.എസ്.ആർ.ഒയിലും പ്രവീൺ ക്ഷീരവികസന വകുപ്പിലും ജോലി ചെയ്യുന്നു.