തിരുവല്ല: നഗരസഭയുടെ പബ്ളിക് സ്റ്റേഡിയം കായികേതര ആവശ്യങ്ങൾക്ക് നൽകാനുള്ള നീക്കത്തിനെതിരേ നഗരസഭാ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്. അംഗങ്ങളുടെ പ്രതിഷേധം.എൽ.ഡി.എഫ്. ഭരണസമിതിക്കെതിരെ യു.ഡി.എഫ്. കൗൺസിലർമാർ യോഗം ബഹിഷ്‌കരിച്ച് ധർണ നടത്തി. മുമ്പ് മറ്റ് പരിപാടികൾക്ക് സ്റ്റേഡിയം വിട്ടുനൽകിയപ്പോൾ കുഴിയെടുത്തും മറ്റും നാശമുണ്ടാക്കിയിരുന്നു. ഇതേതുടർന്ന് കായിക ആവശ്യങ്ങൾക്കു മാത്രമേ മൈതാനം നൽകാവൂ എന്ന് കൗൺസിൽ മുമ്പ് തീരുമാനം എടുത്തിരുന്നു. പബ്ലിക്ക് സ്റ്റേഡിയത്തിന് സമീപത്തുതന്നെ വലിയ പരിപാടികൾ നടത്താൻ സൗകര്യമുള്ള രണ്ട് മുനിസിപ്പൽ ഗ്രൗണ്ടുകളുണ്ട്. ഈ മൈതാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും പബ്ലിക്ക് സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. സബ് ട്രഷറിക്കായി നഗരസഭ അനുവദിച്ച സ്ഥലത്തിന്റെ ബാക്കി ഭാഗം മറ്റൊരുസംഘടനയ്ക്ക് വിട്ടുനൽകാൻ നീക്കം നടത്തുന്നതായും യു.ഡി.എഫ്. കൗൺസിലർമാർ ആരോപിച്ചു.കൗൺസിൽ യോഗത്തിന്റെ മിനിറ്റ്‌സിൽ കൃത്രിമം കാട്ടുന്നതായും ആരോപണം ഉയർന്നു. നഗരസഭാ ഓഫീസിന് മുൻപിൽ നടന്ന ധർണ വൈസ് ചെയർമാൻ ജോസ് പഴയിടം ഉദ്ഘാടനം ചെയ്തു. ശോഭ വിനു, ഷീല വർഗീസ്, അനു ജോർജ്, സാറാമ്മ വർഗീസ് ബിന്ദു ജയകുമാർ, സജി എം.മാത്യു, അഡ്വ.സുനിൽ ജേക്കബ്‌, ജേക്കബ്‌ ജോർജ് മനക്കൽ, ലെജു എം.സക്കറിയ, മാത്യൂസ് ചാലക്കുഴി, ജാസ് നാലിൽ പോത്തൻ എന്നിവർ പ്രസംഗിച്ചു.

നാഥനില്ലാതെ സ്റ്റേഡിയം
പബ്ലിക് സ്റ്റേഡിയത്തിന്റ സംരക്ഷണകാര്യത്തിൽ ഉടമസ്ഥരായ നഗരസഭ ഒന്നുംതന്നെ ചെയ്യുന്നില്ല. പ്രത്യേകിച്ച് 2018ലെ വെള്ളപ്പൊക്കത്തിനുശേഷം സ്റ്റേഡിയത്തിലെ പുല്ലുവെട്ടുന്നതിനും കളികൾക്ക് അനുയോജ്യമായ രീതിയിൽ സംരക്ഷിക്കുന്നതിനോ ആരും ശ്രമിച്ചിട്ടില്ല.സ്റ്റേഡിയം ഇപ്പോൾ നാഥനില്ല കളരിയായി മാറിയിരിക്കുകയാണ്. 1985 - 86ൽ നിർമ്മിച്ച പബ്ലിക് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി ക്ലസ്റ്റർ മൽസരങ്ങൾ, കേരളകൗമുദി ട്രോഫി, രഞ്ജി ട്രോഫി, സംസ്ഥാന സീനിയർ പുരുഷ /വനിതാ ചാമ്പ്യൻഷിപ്പ്, ഇന്റർ യൂണിവേഴ്സിറ്റി വനിതാ ഫുട്ബാൾ, സംസ്ഥാന സ്കൂൾ ഗെയിംസ്,എം.ജി. യൂണിവേഴ്സിറ്റി അത് ലറ്റിക്ക് മീറ്റ്,കൊച്ചീപ്പൻ മാപ്പിള അഖില കേരള ഫുട്ബാൾ ടൂർണമെന്റ് തുടങ്ങി ദേശീയവും പ്രാദേശികമായ കായിക മാമാങ്കങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്.