1
പടുതോട് - എഴുമറ്റൂർ റോഡിൽ സീതക്കുളത്തിന് സമീപത്തെ പൊതുടാപ്പ് ചോർച്ച തടയുന്നതിനായി മരക്കഷണം കയറ്റി ഉറപ്പിച്ച നിലയിൽ

മല്ലപ്പള്ളി : എഴുമറ്റൂർ ഗ്രാമപഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് നിരവധി ഭാഗങ്ങളിൽ എഴുമറ്റൂർ പോസ്റ്റ് ഒാഫീസ് ജംഗ്‌ഷൻ മുതൽ സീതക്കുളം വരെയുള്ള 2 കിലോമീറ്റർ പരിധിയിൽ ഏഴിടത്തും , വാളക്കുഴി, ഇരുമ്പുകുഴി, മാടപ്പാട്ട് ഭാഗങ്ങളിൽ ഒമ്പതിടത്തും, ശാന്തിപുരം,കാരമല, കാട്ടോലിപ്പാറ പ്രദേശങ്ങളിൽ ഏഴിടത്തും അംബേദ്കർ കോളനി റോഡ്,വേങ്ങഴ ഭാഗങ്ങളിൽ നാലിടത്തും ,ആശ്രമം - മാക്കാട്, താന്നിക്കൽ-മുളയ്ക്കൽ റോഡിലും വാഴക്കാല - പള്ളിക്കുന്ന് പ്രദേശങ്ങളിലുമായി 11 ഇടങ്ങളിലുമാണ് വൻതോതിലാണ് ജലം നഷ്ടപ്പെടുന്നത്. മാസങ്ങളായി ഇതാണ് സ്ഥിതി. അറ്റകുറ്റപ്പണിക്ക് വല്ലപ്പോഴും രണ്ട് തൊഴിലാളികളെ ഏർപ്പെടുത്തുമെങ്കിലും പൈപ്പ് ഒട്ടിച്ച് അവർ മടങ്ങുന്നതിന് പിന്നാലെ പഴയ പടിയാകും. പൊതുടാപ്പുകളുടെ സ്ഥിതിയും ശോചനീയമാണ്. മരക്കഷണങ്ങൾ ഉപയോഗിച്ച് ചോർച്ച തടയാൻ നാട്ടുകാർ ശ്രമിക്കാറുണ്ട്. വെള്ളം ഒഴുകി റോഡുകളിൽ കുഴികൾ രൂപപ്പെടുന്നത് വാഹന യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. 2014 - 16 കാലയളവിൽ വിവിധ പദ്ധതികളിലായി 35 ലക്ഷം രൂപയും 2021ൽ 1.7 കോടി രൂപയും ഉപയോഗിച്ച് ജല ജീവൻ പദ്ധതി പ്രകാരം നടപ്പിലാക്കിയതാണ് കുടിവെള്ള പദ്ധതി. വേനൽ കടുക്കുന്നതിന് മുമ്പ് ചോർച്ച തടയുന്നതിന് അധികൃതർ നടപടി സ്ഥീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനെക്കുറിച്ച് വാട്ടർ അതോറിറ്റി ഓഫീസിൽ പലതവണ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. അടിയന്തര നടപടി സ്വീകരിക്കണം.

സുനിൽകുമാർ

പ്രദേശവാസി