പത്തനംതിട്ട: മയക്കുമരുന്നു കേസുകളുടെ അന്വേഷണം ഉറവിടങ്ങളിലെത്താത്തതിനു പിന്നിൽ രാഷ്ട്രീയ സംരക്ഷണമാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കേരളത്തിലെ യുവ തലമുറയെ നശിപ്പിക്കുന്ന തരത്തിലേക്കാണ് മയക്കുമരുന്ന് വ്യാപനം. ഇതുമായി ബന്ധപ്പെട്ട കേസുകളിൽ മൃദുസമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മയക്കുമരുന്ന് കേസുകളിൽ സ്റ്റേഷൻ ജാമ്യം അനുവദിക്കരുതെന്ന് സി.പി. ജോൺ പറഞ്ഞു.
ഇലന്തൂർ നരബലിക്കേസ് സ്‌പെഷൽ കോടതിയിൽ വിചാരണ ചെയ്യണം. കേരളത്തിനാകമാനം മാനക്കേടുണ്ടാക്കിയ സംഭവമാണിത്. എന്നാൽ ഇപ്പോൾ വിഷയത്തെ ലഘൂകരിക്കാനും നരബലിയല്ല, മറ്റെന്തിനോ വേണ്ടി നടന്ന കൊലപാതകമാണെന്നുമൊക്കെ വ്യാഖ്യാനങ്ങൾ വരുന്നുണ്ട്. ഇലന്തൂരിലേതു പോലെയുള്ള നരബലികൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേരളം ജാഗ്രത കാട്ടണം. ഇതിനായി ഉണരൂ കേരളം എന്ന പരിപാടിയുമായി കേരളത്തിലെ ഭവനങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ, പ്രചാരണ പരിപാടികളുമായി സി.എം.പി രംഗത്തിറങ്ങിയിരിക്കുകയാണ്. ചെങ്ങറ സമരഭൂമിയിലുള്ളവരുടെ വെള്ള റേഷൻ കാർഡ് പിൻവലിച്ച് മഞ്ഞക്കാർഡ് നൽകാൻ തയാറാകണമെന്നും ജോൺ ആവശ്യപ്പെട്ടു.
സി.എം.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം സുരേഷ് ബാബു, ജില്ലാ സെക്രട്ടറി മാത്യു വീരപ്പള്ളി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു