
അടൂർ: യുവതിയുമൊന്നിച്ച് അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെവിയിലൂടെ രക്തമൊലിച്ച നിലയിൽ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം കുന്നത്തൂർ പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്ത് (29) ആണ് മരിച്ചത്. പേരൂർക്കട സ്വദേശിയായ 39 കാരിയാണ് ഒപ്പമുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.
ഞായറാഴ്ച രാവിലെ 10 നാണ് ഇരുവരും മുറിയെടുത്തത്ത്. ഭർത്താവ് മരിച്ച യുവതിക്ക് ഒരു കുട്ടിയുണ്ട്. ശ്രീജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി ഇയാൾ ഒരുവർഷമായി പ്രണയത്തിലായിരുന്നു. ലോഡ‌്ജിൽ കഴിയുന്നതിനിടെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ ഇയാൾ യുവതിയുടെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ച് തള്ളിവീഴ്ത്തിയെന്ന് പൊലീസ് പറയുന്നു. ബോധരഹിതയായ യുവതിയുടെ ചെവിയിലൂടെ രക്തമൊലിച്ചത് കണ്ട് ഭയന്ന് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.
മുറിയിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാരൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അടൂരിൽ അപ് ഹോൾസറി കട നടത്തിവരികയായിരുന്നു ശ്രീജിത്ത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പേരൂർക്കട പൊലീസിൽ പരാതി നൽകിയിരുന്നു.