പള്ളിക്കൽ: പള്ളിക്കലിൽ പോസ്റ്റ് ഒാഫീസ് ഇല്ലാത്തതുമൂലം നാട്ടുകാർ ബുദ്ധിമുട്ടുന്നു. പള്ളിക്കൽ പഞ്ചായത്തിലെ എട്ടു വാർഡുകളിൽ തപാൽ സേവനം ലഭിക്കുന്നത് കൊല്ലം ,ആലപ്പുഴ ജില്ലകളിലെ പോസ്റ്റ് ഒാഫീസുകളിൽ നിന്നാണ്. ഇതുകാരണം വാഹന രജിസ്ടേഷനടക്കം പല കാര്യങ്ങളിലും പ്രശ്നങ്ങളുണ്ടാകുന്നു. പള്ളിക്കൽ ഒന്നാം വാർഡിലും രണ്ടാം വാർഡിന്റെ പകുതി വരെയും കത്തുകൾ എത്തുന്നത് നൂറനാട് പോസ്റ്ര് ഒാഫീസിൽ നിന്നാണ്. രണ്ടാം വാർഡിന്റെ പകുതിയിലും മൂന്നാം വാർഡിലും കത്തുകൾ എത്തുന്നത് ആലപ്പുഴ ജില്ലയിലെ തന്നെ പയ്യനല്ലൂർ പോസ്റ്റ് ഒാഫീസിൽ നിന്നാണ്. തെങ്ങമം 19, 20, 21, വാർഡുകളിൽ കൊല്ലം ജില്ലയിലെ ശൂരനാട് പോസ്റ്റ് ഒാഫീസിൽ നിന്നും , തോട്ടുവ , ചെറുകുന്നം കൈതക്കൽ ഭാഗങ്ങൾ ഉൾക്കൊളുന്ന 22, 23, വാർഡുകളിൽ കൊല്ലം ജില്ലയിലെ ആനയടി പോസ്റ്റ് ഒാഫീസിൽ നിന്നുമാണ് കത്തുകൾ എത്തുന്നത്. തെങ്ങമത്തും പള്ളിക്കലിലും ബ്രാഞ്ച് പോസ്റ്റ് ഒാഫീസുകൾ ഉണ്ടെങ്കിലും പിൻകോഡ് കൊല്ലം ജില്ലയിലെ മെയിൻ പോസ്റ്റ് ഒാഫീസിന്റെ ആയതിനാൽ പൂർണ സേവനം ലഭിക്കുന്നില്ല. വാഹന രജിസ്ട്രേഷനും മറ്റും പിൻകോഡ് കൊല്ലം, ആലപ്പുഴ വരുന്നതിനാൽ വാഹനത്തിന്റെ രേഖകൾ ആ ജില്ലകളിലെ ആർ ടി ഓഫീസുകളിലേക്കാണ് പോകുന്നത്. ധാരാളം രേഖകൾ സമർപ്പിച്ചതിന് ശേഷമേ സ്വന്തം ജില്ലയിൽ രജിസ്ട്രേഷൻ നടത്താൻ കഴിയു . വസ്തു രജിസ്ടേഷനും ബാങ്ക് വായ്പയ്ക്കും ഇപ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. രണ്ട് ബ്രാഞ്ച് പോസ്റ്ര് ഒാഫീസുകളും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രമാണ് പ്രവർത്തിക്കുന്നത്.
പള്ളിക്കലിലെ എട്ട് വാർഡുകൾ കേന്ദ്രീകരിച്ച് മെയിൻ പോസ്റ്റ് ഒാഫീസ് വേണമെന്ന ആവശ്യം സജീവമാണ്. ഇക്കാര്യം ആന്റോ ആന്റണി എം.പി. യുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ജി. പ്രമോദ് ,വാർഡ് മെമ്പർ
ഇളംപള്ളിൽ മൂന്നാം വാർഡ്.