sabarimala

പത്തനംതിട്ട : പ്രവേശന കവാടത്തിനായി ഏറ്റെടുത്ത സ്ഥലത്തിന് ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാത്തതിനാൽ ശബരിമല ഇടത്താവളത്തിലേക്കുള്ള വഴി അടഞ്ഞേക്കും. രണ്ട് കോടിയോളം രൂപ നഷ്ടപരിഹാരമായി റവന്യുവിഭാഗം കണക്കാക്കിയത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്ഥലം ഉടമ പത്തനംതിട്ട സബ് കോടതിയിൽ ഹർജി നൽകിയിരുന്നു. തുക നൽകണമെന്ന് സബ് കോടതിയും തുടർന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നതാണ്.

തുക കെട്ടിവയ്ക്കുന്നതിന് സ്റ്റേ ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, ഒരു കോടി രൂപ കെട്ടിവച്ചാൽ മാത്രമേ സ്റ്റേ അനുവദിക്കൂ എന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ തുക കെട്ടിവയ്ക്കണമെന്ന് നിർദേശമുണ്ട്. വിഷയം പത്തനംതിട്ട നഗരസഭ, ദേവസ്വം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. ശബരിമല ഉന്നതാധികാര സമിതി യോഗത്തിലും പ്രശ്നം ഉന്നയിച്ചിരുന്നു. ഇടത്താവളത്തിന്റെ പ്രവേശന കവാടം ഇപ്പോഴും തുറന്നു കിടക്കുന്നത് സ്ഥലം ഉടമയുടെ കാരുണ്യംകൊണ്ടാണ്.

മൂന്ന് പതിറ്റാണ്ട് മുൻപ് ഇടത്താവളത്തിനായി​ അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കുമ്പോൾ പ്രവേശന കവാടം ഉൾപ്പെട്ടിരുന്നില്ല. ആ ഭൂമി മറ്റൊരു സർവേ നമ്പരിലായിരുന്നു. പ്രവേശന കവാടത്തിന് സ്ഥലം വിട്ടുകിട്ടുന്നതിന് നഗരസഭ നിരന്തരം ചർച്ച നടത്തിയെങ്കിലും മതിയായ തുക ലഭിക്കണമെന്ന നിലപാടിലായിരുന്നു ഉടമ. തുടർന്ന് നഗരസഭയുടെ ആവശ്യപ്രകാരം സ്ഥലം റവന്യുവകുപ്പ് ഏറ്റെടുത്തു.

നഗരത്തിലെ സമാനസ്വഭാവമുള്ള സ്ഥലങ്ങളുട‌െ വില കണക്കാക്കിയപ്പോൾ പ്രവേശന കവാടത്തിന്റെ ഭാഗമായ 24 സെന്റ് ഭൂമിക്ക് രണ്ട് കോടിയോളം വിലയിട്ടു. കവാടഭൂമി ആദ്യം നിലമായിരുന്നു. എന്നാൽ, റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ നഗരത്തിലെ കരഭൂമിയായി പരിഗണിച്ചാണ് കവാടത്തിന്റെ ഭൂമിക്ക് വിലയിട്ടത്. ഇതിനിടെ, 2006ലെ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ലഭിച്ച 50ലക്ഷം രൂപ കൊണ്ട് സക്കീർ ഹുസൈൻ ചെയർമാനായിരുന്ന അന്നത്തെ നഗരസഭ ഇടത്താവളത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ, പ്രവേശന കവാടം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ കോടതിയിൽ കേസ് നിലനിൽക്കുകയായിരുന്നു.

ഇടത്താവളം പ്രധാനം

ആയിരക്കണക്കിന് സ്വാമിമാർക്ക് മണ്ഡല, മകര വിളക്ക് കാലത്ത് ആശ്രയം. ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. നിലയ്ക്കലിൽ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞാൽ ശബരിമലയിലേക്കുള്ള തീർത്ഥാടക വാഹനങ്ങൾ പത്തനംതിട്ട ഇടത്താവളത്തിൽ നിയന്ത്രിക്കും. ചെറുതും വലുതുമായി ഇരുന്നൂറോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ശബരിമല പാതയിൽ തിരക്ക് കുറയുന്ന മുറയ്ക്ക് ഇടത്താവളത്തിൽ നിന്ന് വാഹനങ്ങൾ കടത്തിവിടും.

'' സ്ഥലം ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരത്തുക നഗരസഭയ്ക്ക് താങ്ങാനാവില്ല. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തര നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ടി. സക്കീർ ഹുസൈൻ, നഗരസഭ ചെയർമാൻ.