
പത്തനംതിട്ട: ശബരിമല പാതയിൽ പ്ളാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് സമീപം ഹോട്ടൽ ബിസിനസ് നടത്തിയ വനപാലകരെ സ്ഥലംമാറ്റി. കഴിഞ്ഞ പത്തിന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് റാന്നി ഡി.എഫ്.ഒ ജയകുമാർ ശർമ്മയുടെ നടപടി. തെളിവ് സഹിതം പരാതി ലഭിച്ചിട്ടും ഹോട്ടൽ ബിസിനസിൽ നിന്ന് വനപാലകരെ പൂർണമായും ഒഴിവാക്കിയിട്ടില്ല. ഹോട്ടൽ നടത്തിപ്പിലെ പ്രധാനിയെ പ്ളാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ഗുരുനാഥൻമണ്ണ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. നടത്തിപ്പുകാരനായ മറ്റൊരു വനപാലകനെയും ബിസിനസിനെപ്പറ്റി ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചയാളെയും അൻപത് കിലോമീറ്റർ അകലെ ഗവി റൂട്ടിലെ പച്ചക്കാനം സ്റ്റേഷനിലേക്കും മാറ്റി.
റോഡിൽ നിന്ന് വനത്തോട് ചേർന്ന് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാഗം പ്ളാപ്പള്ളി ഫാേറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രത്യേകം കെട്ടിത്തിരിച്ചാണ് ഹോട്ടൽ സ്ഥാപിച്ചത്. നവംബർ പതിനൊന്നിന് ഗൂഡ്രിക്കൽ റേഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറാണ് ഹോട്ടലിന് കുറ്റിയടിച്ചത്. റാന്നി വനം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ നടത്തുന്ന ഹോട്ടലിന്റെ ഷെയറുകൾ നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കാണ്. ലാഭത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സംഭവം പുറത്തായത്. നിലയ്ക്കലിലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ബിനാമി ഹോട്ടലുകളുണ്ട്.