school

പത്തനംതിട്ട : ശബരിമല പാതയിലെ തിരക്ക് കാരണം സ്കൂളിലെത്താൻ കഴിയാതിരുന്ന കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിച്ചു. ഇന്നലെ എല്ലാ വിദ്യാർത്ഥികളും സ്കൂളിലെത്തി പരീക്ഷ എഴുതി. കിസുമം ഹയർസെക്കൻഡറി സ്കൂളിലേയും അട്ടത്തോട് എൽ.പി സ്കൂളിലേയും വിദ്യാർത്ഥികളാണ് ശബരിമല പാതയിലെ തിരക്ക് കാരണം വഴിയിൽ കുടുങ്ങിയിരുന്നത്. ഇവർക്കായി സ്കൂൾ അധികൃതർ വിദ്യാഭ്യാസ അധികൃതരുടെ പ്രത്യേക അനുമതി നേടി പരീക്ഷാ സമയം 3.15ന് അവസാനിക്കുന്ന രീതിയിൽ ക്രമീകരണം നടത്തി.

കൂടാതെ റോഡിലെ തിരക്ക് ഒഴിവാക്കി യാത്ര തുടരാനാകുന്ന തരത്തിൽ ബസ് സർവീസും ക്രമീകരിച്ചു. കിസുമം, അട്ടത്തോട് സ്കൂളുകളിലെ വിദ്യാർത്ഥികൾ പൊതുവായി അട്ടത്തോട് സ്കൂളിലെ ബസാണ് ഉപയോഗിക്കുന്നത്. ഇത് രാത്രിയിൽ തന്നെ അട്ടത്തോട് എത്തിച്ച് പാർക്ക് ചെയ്യും. രാവിലെ റോഡിൽ തിരക്ക് കൂടുന്നതിന് മുമ്പ് കുട്ടികളെ കയറ്റി സ്കൂളുകളിലെത്തിക്കും. മടക്കയാത്രയും റോഡിലെ തിരക്ക് കുറയുന്നത് അനുസരിച്ചാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതിനായി പരീക്ഷാസമയത്തിലും ചെറിയ മാറ്റങ്ങൾ വരുത്തുകയായിരുന്നു. കിസുമം സ്കൂളിലെ ബസ് കൊവിഡ് കാലത്ത് തകർച്ചയിലായതാണ്. അട്ടത്തോട്ടിലെ കുട്ടികൾക്കായി ഓട്ടോറിക്ഷാ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

"കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കാനാണ് സ്കൂൾ അധികൃതർ ശ്രമിക്കുന്നത്. ഇന്നലെ എല്ലാ കുട്ടികളും സ്കൂളിലെത്തി പരീക്ഷ എഴുതി.

കെ.വാസുദേവൻ

(കിസുമം സ്കൂൾ ഹെഡ്മാസ്റ്റർ)

" നാളെയാണ് എൽ.പി ക്ലാസിൽ പരീക്ഷയുള്ളത്. ഇന്ന് ഓട്ടോറിക്ഷയിലും മറ്റ് വാഹനങ്ങളിലും കുട്ടികളെ സ്കൂളിൽ എത്തിച്ചു. വരും ദിവസങ്ങളിലും പരീക്ഷ എഴുതാൻ സൗകര്യമൊരുക്കും.

ബിജു തോമസ്,

(അട്ടത്തോട് എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ)