പന്തളം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നടന്നുവരുന്ന അന്നദാന വിതരണം മുടങ്ങില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു. തീർത്ഥാടന കാലം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ ദേവസ്വം ബോർഡ് 10 ലക്ഷം രൂപയാണ് അന്നദാന വിതരണത്തിനായി അനുവദിച്ചത്. ഇത് അന്നദാനത്തിനു പര്യാപ്തമായിരുന്നില്ല. തുടർന്ന് ഉപദേശക സമിതി ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനുമായി സംസാരിച്ചതിന്റെ ഭാഗമായാണ് ഇടപെടൽ ഉണ്ടായത്. രാവിലെയും വൈകിട്ടും 750 പേർക്കും ഉച്ചയ്ക്ക് 2000 പേർക്കുമായി ക്രമപ്പെടുത്തി തുക അനുവദിച്ചതായി പ്രസിഡന്റ് ജി.പൃഥ്വിപാൽ, സെക്രട്ടറി ആഘോഷ് വി. സുരേഷ് എന്നിവർ പറഞ്ഞു.