ചെങ്ങന്നൂർ: ചെങ്ങന്നൂർ-മാന്നാർ റോഡിനെ നാക്കടയുമായി ബന്ധിപ്പിക്കുന്ന ഇല്ലിമല മുതൽ പിണ്ടറംകോട് പടി വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. 10 വർഷം മുൻപ് പാണ്ടനാട് പഞ്ചായത്ത് 13-ാംവാർഡിലൂടെ നിർമ്മിച്ച റോഡ് പ്രളയത്തെ തുടർന്നാണ് തകർന്നത്. ടാറും മെറ്റിലും ഇളകി വൻകുഴികൾ രൂപപ്പെട്ടതോടെ മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് അപകട നിലയിലാകും. മഴക്കാലത്ത് റോഡിലെ കുഴികളിൽ വീണ് വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്നതും വാഹങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. . വെള്ളപ്പൊക്ക കാലത്ത് നാക്കട നിവാസികൾ സുരക്ഷിതമായി ഉയർന്ന പ്രദേശമായ ഇല്ലിമല പാലത്തിൽ എത്താൻ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് നദീ തീരത്ത് കൂടിയുള്ള റോഡിന്റെ കുറച്ചുഭാഗത്ത് പാർശ്വഭിത്തി നിർമ്മിച്ച് റീ ടാറിംഗ് നടത്തിയിരുന്നു. വെളളം കയറുന്ന റോഡിന്റെ താഴ്ന്ന ഭാഗമുയർത്തി പാർശ്വഭിത്തി കെട്ടി റീടാറിംഗ് ചെയ്തു റോഡ് സഞ്ചാര യോഗൃമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പമ്പാ റസിഡന്റ്‌സ് ഫോറം ഇതിനായി അധികൃതർക്ക് നിവേദനം സമർപ്പിച്ചു.