road
കുമ്പഴ വെട്ടൂർ അട്ടച്ചാക്കൽ കോന്നി റോഡ്

കോന്നി: കുമ്പഴ- വെട്ടൂർ- അട്ടച്ചാക്കൽ- കോന്നി റോഡ് തകരുന്നത് നിർമ്മാണത്തിലെ അപാകതകൾ മൂലമാണെന്ന് നാട്ടുകാർ. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ വികസിപ്പിച്ചതാണ് റോഡ്. നിർമ്മാണത്തിന് ശേഷം പല ഭാഗങ്ങളും തകർന്നതോടെ ഇവിടെ വീണ്ടും ടാറിങ് നടത്തിയിരുന്നു. റോഡ് വികസന പദ്ധതിയിലെ പലപണികളും നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്. റോഡ് ടാർചെയ്ത ശേഷമാണ് മുന്ന് ചെറിയ പാലങ്ങളുടെ പണികൾ നടത്തിയത്. ഇതുമൂലം റോഡിൽ നിന്ന് പാലം ഉയർന്നാണ് നിൽക്കുന്നത്. ഇവിടെ അപകടങ്ങൾ ഉണ്ടായി മുന്ന് പേർ മരിച്ചിരുന്നു. വെട്ടൂർ റേഡിയോ ജംഗ്ഷനും ആഞ്ഞിലുകുന്നിനും ഇടയിലുള്ള പാലത്തിലും അപകടങ്ങൾ ഉണ്ടായി. ഇൗ പാലത്തിന് കൈവരികളില്ല. വെട്ടൂർ അമ്പലം ജംഗ്ഷനും വെട്ടൂർ ജംഗ്ഷനും ഇടയിലുള്ള പാലത്തിലും അപകടങ്ങൾ പതിവാണ്. അട്ടച്ചാക്കൽ വഞ്ചിപ്പടി കഴിഞ്ഞുള്ള കയറ്റത്തിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചിരുന്നു.

പാലങ്ങൾക്ക് കൈവരികളും ഓടകളും വശങ്ങളിൽ ഐറീഷ് ഓടയും നിർമ്മിക്കുന്നത് പദ്ധതിയിലുണ്ടായിരുന്നെങ്കിലും ഫലപ്രദമായി നടപ്പിലായില്ല . വീടുകളിലേക്ക് വാഹനങ്ങൾ കയറ്റാനായി ആളുകൾ ഓടകൾ നികത്തിയത്ത് റോഡിലേക്ക് വെള്ളം കയറാൻ ഇടയാക്കി.
കനത്ത മഴയിൽ അട്ടച്ചാക്കൽ ഗ്യാസ് ഗോഡൗണിന്റെ ഭാഗത്തെ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെടാറുണ്ട്. റോഡ് ഉയർത്തിയാലേ ഇതിന് പരിഹാരമാകു.

ചാങ്കുർ ജംഗ്ഷന് സമീപമുള്ള പാലത്തിന്റെ അടിയിലെ കെട്ടുകൾക്ക് ബലക്ഷയം നേരിടുന്നുണ്ട് . കരുമാൻതോട്, പത്തനംതിട്ട, കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ഭാഗങ്ങളിലേക്കുള്ള ബസുകൾ ഇതുവഴിയാണ് പോകുന്നത്. ശബരിമലയിലേക്കുള്ള തങ്ക അങ്കി ഘോഷയാത്രയും ഈ റോഡിലൂടെയാണ് പോകുന്നത്.

വികസനം വേണം

കോന്നി മുതൽ ചാങ്കുർ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങൾ അച്ചൻകോവിൽ -ചിറ്റാർ മലയോര ഹൈവേയുടെ ഭാഗമാണ് . കോന്നി മെഡിക്കൽ കോളേജിലേക്കുള്ള റോഡെന്ന നിലയിൽ ഭാവിയിൽ ചാങ്കൂർ ജംഗ്ഷൻ മുതൽ കോന്നി വരെ വികസിപ്പിക്കേണ്ടതുണ്ട്. ഇവിടെയുള്ള വളവുകൾ നേരെയാക്കേണ്ടിവരും . ഇവിടെ റോഡിലേക്കിറക്കി നിർമ്മാണപ്രവർത്തങ്ങൾ നടക്കുന്നതായി പരാതിയുണ്ട്.

നിർമ്മാണത്തിലെ അപാകതകൾ മൂലം റോഡ് തകരുകയും അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പരിഹാരം കാണണം

തോമസ് മത്തായി ( പ്രദേശവാസി )