
പത്തനംതിട്ട: നഗരത്തിലെ ചുട്ടിപ്പാറയുടെ മുകളിൽ നിർമ്മിക്കുന്ന 133 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പശിൽപ്പത്തിന്റെ രൂപരേഖ ശബരിമല മുൻ രാജപ്രതിനിധി പന്തളം കൊട്ടാരത്തിലെ മകം തിരുനാൾ കേരളവർമ്മ രാജ സിനിമ നിർമ്മാതാവ് ശോഭൻ പുതുപ്പള്ളിക്ക് കൈമാറി പ്രകാശനം ചെയ്തു.
അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ ശിൽപ്പ നിർമ്മാണം പൂർത്തിയാകുമെന്ന് കേരളവർമ്മ രാജ ആശംസിച്ചു. ദേവചൈതന്യം കുടികൊള്ളുന്ന പുണ്യകേന്ദ്രമാണ് ചുട്ടിപ്പാറയെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി തൊഴിലവസരങ്ങളും സാംസ്കാരിക ഉണർവും ഉണ്ടാക്കുന്നതാണ് ശിൽപ്പങ്ങളെന്ന് തിരുവനന്തപുരം ആഴിമല ശിവപ്രതിമയുടെ ശിൽപ്പി ഡോ. ദേവദത്തൻ പറഞ്ഞു. ആഴിമലയിൽ ടൂറിസം വികസിച്ചു. ഇതിലൂടെ നിരവധിയാളുകൾ തൊഴിൽ ചെയ്ത് ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂമി ലഭിക്കാത്തതാണ് ജില്ലയിലെ ടൂറിസം വികസനത്തിന് തടസമെന്നും ചുട്ടിപ്പാറയിലെ അയ്യപ്പശിൽപ്പം തീർത്ഥാടക ടൂറിസത്തിന് പ്രയോജനം ചെയ്യുമെന്നും ഡി.ടി.പി.സി സെക്രട്ടറി സതീഷ് പറഞ്ഞു.
മുഖ്യ രക്ഷാധികാരിയും വാസ്തുശാസ്ത്ര വിദഗ്ദ്ധനുമായ ഡോ.രമേശ് ശർമ്മ അദ്ധ്യക്ഷതവഹിച്ചു. ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ സലിംകുമാർ, ചുട്ടിപ്പാറ മഹാദേവ ക്ഷേത്രം പ്രസിഡന്റ് പി.അശോകൻ, സെക്രട്ടറി സി.ടി രഞ്ജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.