
അടൂർ: എം.സി റോഡിന്റെയും കൊല്ലം - ചെങ്കോട്ട റോഡിന്റെയും പശ്ചാത്തല വികസനത്തിന് 1500 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കിഫ്ബിയിൽ നിന്ന് 10.9 കോടി രൂപ ചെലവിൽ പണി പൂർത്തീകരിച്ച അടൂർ ഇരട്ടപ്പാലത്തിന്റെയും അനുബന്ധ റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വാഹനപെരുപ്പത്തിന് അനുസരിച്ച് റോഡുകളും നല്ലനിലവാരത്തിലുയരണം. എം.സി റോഡ് അടുത്ത ഘട്ടമായി വികസിപ്പിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചുകഴിഞ്ഞു. ശബരിമല മണ്ഡല കാലം ആരംഭിക്കുന്നതിന് വളരെ മുമ്പേ പൊതുമരാമത്ത് ചുമതലയിലുള്ള 19 റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. പ്രത്യേക ടീം മേൽനോട്ടം വഹിക്കുകയും നിരന്തരം പരിശോധനകൾ നടത്തുകയും ചെയ്തു. പരാതികൾക്കിടവരുത്താതെ ജോലികൾ ചെയ്ത പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും കരാറുകാരെയും നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. സ്പെഷ്യൽ ചെക്കിംഗ് ടീം 14 ജില്ലകളിലെയും റോഡുകളിൽ പരിശോധന ആരംഭിച്ചു. ഇത് കൃത്യമായി നടത്തുന്നു എന്ന് ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു. ഇടതുസർക്കാർ വന്നശേഷം ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായും ഒട്ടുമിക്കവയും അന്തിമഘട്ടത്തിലെത്തിയതായും അദ്ധ്യക്ഷ പ്രസംഗത്തിൽ ചിറ്റയം ഗോപകുമാർ ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയർമാൻ ഡി.സജി സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ ദിവ്യ റജി മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, കൗൺസിലർമാരായ കെ.മഹേഷ് കുമാർ, ശ്രീലക്ഷ്മി ബിനു, എ.അനിതാദേവി, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, ടി.ഡി.ബൈജു, പി.ബി.ഹർഷകുമാർ, ഏഴംകുളം അജു, അഡ്വ.എസ്.മനോജ്, എൻ.എം. രാജു, സാംസൺ ഡാനിയേൽ, രാജൻ സുലൈമാൻ, ഏഴംകുളം നൗഷാദ്, ബിന്ദു മാധവൻ തുടങ്ങിയവർ സംസാരിച്ചു.