ചെങ്ങന്നൂർ: തുടർച്ചയായി മഴ പെയ്തു തുടങ്ങിയതോടെ നഗരമദ്ധ്യത്തിലെ നന്ദാവനം- എൻജിനിയറിംഗ് കോളേജ് റോഡ് ചെളിക്കുളമായി. ഇവിടെ നിന്ന് ഒലിച്ചിറങ്ങുന്ന ചള്ള വെള്ളം എം.സി റോഡിലേക്ക് എത്തുന്നത് അപകടക്കെണി ഒരുക്കുന്നു. മിനി സിവിൽ സ്റ്റേഷൻ, ട്രാഫിക് പൊലീസ് സ്റ്റേഷൻ, ഫയർഫോഴ്സ്, എൻജിനിയറിംഗ് കോളേജ്, സർക്കാർ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് എത്തുന്നതിനുള്ള എളുപ്പമാർഗമാണിത്. വീതി കുറഞ്ഞ റോഡിൽ ഗതാഗതക്കുരുക്ക് പതിവായതോടെ സജി ചെറിയാൻ എം.എൽ.എ ഇടപെട്ട് വീതി കൂട്ടാനുള്ള പദ്ധതി തയ്യാറാക്കി. സ്വകാര്യ വസ്തു ഉടമകൾ ഭൂമി വിട്ടു നൽകിയതോടെ റോഡ് വീതി കൂട്ടുന്ന പ്രവൃത്തികൾ ആരംഭിച്ചു. എന്നാൽ റോഡിന് സമീപമുള്ള നഗരസഭയുടെ വസ്തു വിട്ടു നൽകുന്നത് സംബന്ധിച്ച ഉടമസ്ഥ തർക്കത്തെ തുടർന്ന് ഏതാനും മാസമായി റോഡുപണി പാതിവഴിയിൽ നിലച്ചു. രണ്ടു സെന്റ് സ്ഥലം ഏറ്റെടുത്ത് ടാറിംഗ് നടത്താനുണ്ട്. 27 ലക്ഷം രൂപയുടെ പണികൾ ഇതിനോടകം പൂർത്തിയായിരുന്നു. മഴയെ തുടർന്ന് റോഡിൽ ചെളി നിറഞ്ഞതോടെ കാൽ നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഈ റോഡിൽ തെന്നി വീണ് പരിക്കേൽക്കുന്നത് സ്ഥിരം കാഴ്ചയാണ്. തിരക്കേറിയ എം.സി റോഡിലേക്ക് ചെളിവെള്ളം ഒഴുകിയെത്തുന്നത് അപകടത്തിന് കാരണാകും.