 
തിരുവല്ല: വീതികൂട്ടാതെ റോഡ് നവീകരിച്ചതിനാൽ തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവായി. പാലിയേക്കരയിലെ കുരിശടിക്ക് സമീപത്തെ അപകടമാണ് ഒടുവിലത്തേത്. ഇവിടെയുണ്ടായിരുന്ന വീതിയിൽ തന്നെ നടപ്പാത നിർമ്മിച്ച് കൈവരിയും സ്ഥാപിച്ച് ദിവസങ്ങൾ പിന്നിടുംമുമ്പേ സ്വകാര്യ ബസിടിച്ച് കൈവരിയും നടപ്പാതയും തകർത്തു. ഒരാഴ്ച്ച പിന്നിട്ടിട്ടും അവശിഷ്ടങ്ങൾ നീക്കാത്തതിനാൽ കൈവരിയുടെ ബാക്കിഭാഗങ്ങൾ യാത്രക്കാർക്ക് ഭീഷണിയായി . റോഡിലെ വീതികുറഞ്ഞ ഭാഗങ്ങളിൽ സമാനരീതിയിൽ അശാസ്ത്രീയമായി നിർമ്മിച്ച നടപ്പാതയിലെ കൈവരികൾ വാഹനാപകടത്തിലൂടെ തകരുന്നത് നിത്യസംഭവമായി. അമ്പലപ്പുഴ സംസ്ഥാനപാതയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി നവീകരിച്ച തിരുവല്ല-പൊടിയാടി റോഡിനാണ് ഈ ദുർഗതി. തിരുവല്ല താലൂക്ക് ആശുപത്രി മുതൽ പാലിയേക്കര പള്ളി വരെയുള്ള റോഡിലാണ് അപകടങ്ങൾ പെരുകുന്നത്. ഇത്രയും ഭാഗത്ത് റോഡിന് വീതി തീരെ കുറവാണ്. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഇറക്കത്തിലുള്ള വളവിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വലുതും ചെറുതുമായ ഒട്ടേറെ അപകടങ്ങളാണ് ഒരേസ്ഥലത്ത് ഉണ്ടായത്.
അശാസ്ത്രീയ നിർമ്മാണം
വലിയ വാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. അശാസ്ത്രീയമായ നിർമ്മാണമാണ് നിരന്തരം അപകടം സംഭവിക്കുന്നതിന് കാരണമെന്ന് നാട്ടുകാരും ആരോപിക്കുന്നു. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എക്സറേ, രക്തപരിശോധന നടത്തുന്ന കേന്ദ്രങ്ങളുടെ മുൻവശത്ത് വാഹനം നിറുത്തിയിടാൻ പോലും ഇപ്പോൾ സ്ഥലമില്ലാതെയായി. വലിയ ഗതാഗതകുരുക്കാണ് ഈഭാഗത്ത് അനുഭവപ്പെടുന്നത്. വീതികുറഞ്ഞ റോഡിൽ ഇരുവശത്തും നടപ്പാത നിർമ്മിച്ച് കൈവരികൾ സ്ഥാപിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതുവഴി രണ്ട് വാഹനങ്ങൾക്ക് മാത്രമാണ് ഒരേസമയം കടന്നു പോവാനാവുക. ഏതെങ്കിലും ഒരു വാഹനം അലക്ഷ്യമായി നിറുത്തിയാൽ മറ്റു വാഹനങ്ങൾ കുരുക്കിലാകും.