 
റാന്നി: റാന്നി അയ്യപ്പ ഭാഗവത മഹാ സത്രത്തിന് ഇന്ന് തിരി തെളിയും. ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം മുഖ്യ തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമത്തിന് അഗ്നി പകരും. . തിരക്ക് നിയന്ത്രിക്കാൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സത്ര വേദിയിലേക്ക് വരുന്ന ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്.
പ്രധാന സത്ര വേദിയിൽ 3000 ത്തോളം ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വേദിയുടെ ഇടതു വശത്തായി ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിൽ താൽക്കാലിക അയ്യപ്പ ക്ഷേത്രം സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു മുന്നിലായി കൊടിമരവും സ്ഥാപിച്ചിട്ടുണ്ട്. പുനലൂർ മൂവാറ്റു പുഴ സ്റ്റേറ്റ് ഹൈവയിലാണ് പ്രധാന കവാടം . ഇതേ ഹൈവേയിലെ മണികണ്ഠനാൽത്തറയിൽ നിന്ന് നടവഴിയായി സത്ര വേദിയിലെത്തിച്ചേരാനാകും. വടശേരിക്കര മന്ദിരം പടി റോഡിൽ നിന്ന് നടന്ന് സത്രവേദിയിലേക്ക് എത്തിച്ചേരാം.
അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമത്തിന് പുറമെ നാളെ നടക്കുന്ന പ്രധാന ചടങ്ങുകൾ പ്രതിഷ്ഠയും ധ്വജാരോഹണവുമാണ്. 12.30 ന് താൽക്കാലിക ക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കും. മുൻ ശബരിമല മേൽശാന്തി തിരുനാവായ് സുധീർ നമ്പൂതിരിയാണ് പ്രതിഷ്ട നടത്തുന്നത്. 12.45 നു ധ്വജാരോഹണം മുൻ മിസോറാം ഗവർണർ കുമ്മനം രാജ ശേഖരൻ നിർവ്വഹിക്കും. പൂജകളും വഴിപാടുകളും ഹോമങ്ങളും 16 മുതൽ ആരംഭിക്കും.