 
യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും പുളിമരം കടപുഴകി വീണ് വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിൽ വീണു. കാറിൽ സഞ്ചരിച്ച കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ കടപ്ര ആലംതുരുത്തിക്ക് സമീപം ഇന്നലെ രാത്രി 7.45നാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന പുളിമരമാണ് കടപുഴകിയത്. രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു. കായംകുളം ഭാഗത്തേക്ക് പോയ വള്ളികുന്നം സ്വദേശികളായ അച്ഛനും അമ്മയും മകനും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കോൺക്രീറ്റ് പോസ്റ്റ് വീണത്. തിരുവല്ലയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്. സംസ്ഥാന പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങിയിരിക്കുകയാണ്.