തിരുവല്ല: ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ഫാർമസി വിദ്യാർത്ഥിനി മരിച്ചു. തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാംവർഷ ബി.ഫാം വിദ്യാർത്ഥിനിയും കരുനാഗപ്പള്ളി അയ്യങ്കുളങ്ങര മാതൂർ കിഴക്കേതിൽ നൗഷാദിന്റെ മകളുമായ ഷബാന (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഷബാനയെ ഹോസ്റ്റൽ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തിരുവല്ല പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.