പത്തനംതിട്ട: മത്സ്യഫെഡ് ഒൗട്ട്ലെറ്റ് അനുവദിക്കുന്നതിന്റെ ഫയൽ ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്ന് പത്തനംതിട്ട നഗരസഭാ കൗൺസിലിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ബഹളം. കൗൺസിലർ എം.സി ഷെരീഫാണ് ഉദ്യോഗസ്ഥനോട് ഫയൽ ആവശ്യപ്പെട്ടത്. ചെയർമാന്റെ അനുമതി ലഭിക്കാതെ ഫയൽ നൽകാൻ ആവില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതോടെ യു.ഡി.എഫ് കൗൺസിലർമാരും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ കൗൺസിൽ യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. കൗൺസിൽ യോഗത്തിന് മുൻപിൽ വയ്ക്കുന്ന ഫയൽ പരിശാേധിക്കാൻ മാത്രമേ അംഗങ്ങൾക്ക് അവകാശമുള്ളൂവെന്ന് ഭരണപക്ഷം വാദിച്ചു. ഒാഫീസിലെ ഫയൽ വാങ്ങി പരിശോധിക്കണമെങ്കിൽ ചെയർമാന്റെ അനുമതി വേണമെന്ന് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.

നഗരത്തിൽ സ്റ്റേഡിയം ജംഗ്ഷനു സമീപം മത്സ്യഫെഡിന്റെ പേര് വച്ച് അനധികൃത സ്റ്റാളുകൾ പ്രവർത്തിക്കുന്നതായി എം.സി ഷെരീഫ് ആരോപിച്ചു. ഇവർക്ക് നോട്ടീസ് നൽകാതെ വഴിയോരക്കച്ചവടക്കാർക്ക് മേൽ നഗരസഭ കുതിരകയറുകയാണ്. പല കടകൾക്കും ലൈസൻസ് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. സി.പി.എം പ്രവർത്തകരുടെയും അനുഭാവികളുടെയും കടകൾ നഗരസഭയ്ക്ക് മറുപടി നൽകേണ്ടതില്ലെന്ന് പാർട്ടി നേതാക്കൾ രഹസ്യമായി അവരോട് പറഞ്ഞിട്ടുണ്ട്.

ഇതേ തുടർന്നാണ് എത്ര കടകൾക്ക് നോട്ടീസ് കൊടുത്തു എന്നറിയാൻ ഫയൽ ആവശ്യപ്പെട്ടത്. ഇത് നൽകാത്തത് അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് ഇറങ്ങിപ്പോയത്.