പന്തളം: പണയം വച്ച സ്വർണത്തിനു പകരം ലോക്കറിൽ മുക്കുപണ്ടം വച്ച് ബാങ്കിലെ മാനേജരും ജീവനക്കാരിയും തട്ടിപ്പ് നടത്തിയതായി മണിമുറ്റത്ത് നിധി ലിമിറ്റഡ് ജനറൽ മാനേജർ കെ.ബി. ബൈജു , ഹെഡ് ഒാഡിറ്റർ മനോജ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്തനംതിട്ട കോളേജ് ജംഗ്ഷനിലെ മണി മുറ്റത്ത് നിധി ലിമിറ്റഡിലെ മാനേജരും ജോയിന്റ് കസ്റ്റോഡിയനുമാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇവരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ സ്വർണം പണയം വച്ച് 21 ലക്ഷത്തിന് മുകളിൽ പണം തട്ടി. മറ്റ് ജീവനക്കാർ അറിയാതെ ലോക്കർ തുറന്ന് പണയം വച്ച സ്വർണം തിരികെയെടുത്ത ശേഷം പകരം മുക്കുപണ്ടങ്ങൾ വയ്ക്കുകയായിരുന്നു. ഇതിന് ശേഷം ഒരാൾ വിദേശത്തേക്ക് കടന്നെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.