ചെങ്ങന്നൂർ: ജനജീവിതം ദുസഹമാക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജ് തോമസ് നയിക്കുന്ന പൗരവിചാരണ വാഹന ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണം. വിലക്കയറ്റത്തിന്റെ പിടിയിലേക്ക് ജനങ്ങളെ തള്ളിവിടുന്നതല്ലാതെ വിപണിയിൽ ഇടപെടൽ നടത്തുന്നില്ല. അഴിമതിയും അക്രമവും തടയുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടതായും രമേശ് ചെന്നിത്തല പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.വി. ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ ജോർജ്ജ് തോമസ്, എം. മുരളി, മാന്നാർ അബ്ദുൾ ലത്തീഫ്, കോശി എം.കോശി, എബി കുര്യാക്കോസ്, സുനിൽ പി. ഉമ്മൻ, കെ.ആർ. മുരളീധരൻ, ബിപിൻ മാമ്മൻ, മോഹൻലാൽ, തോമസ് ചാക്കോ, സണ്ണി കോവിലകം, കെ. ദേവദാസ്, ഡി. നാഗേഷ് കുമാർ, ജോജി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.