sabarimala

ശബരിമല: ശബരിമലയിലെ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തുമെന്ന് ഡി.ജി.പി കെ. അനിൽകാന്ത് അറിയിച്ചു. സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനെട്ടാംപടിയിൽ ഇന്ത്യ റിസർവ് ബറ്റാലിയനിലെ (ഐ.ആർ.ബി) കൂടുതൽ പൊലീസുദ്യോഗസ്ഥരെ വിന്യസിക്കും. ഒരുമിനിട്ടിൽ 80 പേർക്ക് പതിനെട്ടാംപടി ചവിട്ടാൻ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഏർപ്പെടുത്തും.

ഗതാഗത തടസമുണ്ടാകാതെ ഭക്തർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൂടുതൽ സൗകര്യങ്ങളൊരുക്കും. കാനനപാതയിലൂടെ വരുന്നവർക്കും കൂടുതൽ സൗകര്യങ്ങളൊരുക്കും. ദർശനത്തിനായി കാത്തുനിൽക്കുന്ന ഭക്തർക്ക് താമസമുണ്ടാകാത്ത രീതിയിൽ ഫ്ലൈ ഓവറിലൂടെ ദർശനം പൂർത്തിയാക്കിയ ഭക്തർക്ക് തിരികെ പോകുന്നതിനുള്ള സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ച അദ്ദേഹം തന്ത്രി കണ്ഠര് രാജീവരര്, മേൽശാന്തി കെ.ജയമോഹൻ നമ്പൂതിരി എന്നിവരെ സന്ദർശിച്ചു. ദക്ഷിണ മേഖലാ ഐ.ജി പി.പ്രകാശ്, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ആനന്ദ് ആർ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മഹാജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.