punthala
യുവാവിന്റെ ദുരൂഹമരണം അന്വേഷിക്കുന്നതിൽ പൊലീസ് കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് പുന്തലയിൽ നടന്ന സായാഹ്ന ധർണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: പുന്തല സ്വദേശിയായ യുവാവിന്റെ ദുരൂഹ മരണം അന്വേഷിക്കുന്നതിൽ പൊലീസ് അനാസ്ഥകാട്ടുന്നതായി ആരോപിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുന്തലയിൽ സായാഹ്ന ധർണ നടത്തി. പുന്തല അമ്പിമുക്കിൽ നടന്ന ധർണ വെണ്മണി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ മുരളീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സുഷ്മ, ഗോപിനാഥ്, തോമസ്.ടി.തോമസ്, പന്തളം അബ്ദുൽ മജീദ്, എൻ.ആർ ശ്രീധരൻ, ശ്രീകുമാർ പുന്തല, ബിനു, വൈ.കെ.രാജീവ്, എന്നിവർ പ്രസംഗിച്ചു.പുന്തല കോളശേരിൽ വീട്ടിൽ അനീഷ് കുമാറി (41)നെ മേയ് 12ന് കൊഴുവല്ലൂർ പാല നിൽക്കുന്നതിൽ ക്ഷേത്രത്തിനു സമീപം താഴ്ച്ചയിൽ ജീർണിച്ച് പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി ബന്ധുക്കളും നാട്ടുകാരും വിവിധ കേന്ദ്രങ്ങളിലും പൊലീസിലും പരാതി ഉന്നയിച്ചിട്ടും അന്വേഷണത്തിന് യാതൊരു പുരോഗതിയുമുണ്ടായില്ല. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും ഒപ്പുശേഖരണം നടത്തി അധികൃതർക്ക് സമർപ്പിച്ചെങ്കിലും ഒരു ഫലവും കണ്ടില്ല. ഇതെ തുടർന്നാണ് പ്രത്യക്ഷ സമര പരിപാടികളുമായി ആക്ഷൻ കൗൺസിൽ രംഗത്തെത്തിയത്.