തിരുവല്ല: പരിസ്ഥിതിലോല മേഖല നിർണയത്തിന് സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയണ്മെന്റ് സെന്റർ തയാറാക്കിയ ഉപഗ്രഹ സർവേയിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഉപഗ്രഹ സർവേയിലൂടെ കൃത്യമായ സ്ഥാനനിർണയം നടക്കുകയില്ല. ജനവാസമേഖലകളെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തണം. ലക്ഷക്കണക്കിന് ജനങ്ങളുടെ ഭവനങ്ങളും കാർഷികഇടങ്ങളും നഷ്ടപ്പെടുത്തുന്ന അവസ്ഥ സംജാതമാകും. ജനസാന്ദ്രത വളരെ കൂടുതലുള്ള പ്രദേശമായതിനാൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഒരുകിലോമീറ്റർ ചുറ്റളവ് കൂടുതലും ജനവാസമേഖലയാണ്. ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശമാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നത്. സമൂഹത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുകയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും തൊഴിലിനെയും ബാധിക്കുകയും ചെയ്യും. ജനവാസമേഖല സംബന്ധിച്ച് കൃത്യമായ സർവേയും പഠനവുമാണ് നടത്തേണ്ടത്. സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് സംസ്ഥാന വനംവകുപ്പ് വീഴ്ച വരുത്തിയതാണ് കാര്യങ്ങൾ ഗുരുതരമാക്കിയതെന്ന അഭിപ്രായവും ഗൗരവമായി കാണണം. ഇക്കാര്യത്തിൽ ജനങ്ങളുടെ ഭീതിയകറ്റുന്നതിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.