
കൊടുമൺ : വനത്തിനോട് ചേർന്ന് കഴിയുന്നവർക്കാണ് പുലിയെ പേടിയെങ്കിൽ ഇപ്പോൾ നാട്ടിൻ പുറത്തുകാരുടെയും ഉറക്കംകെട്ടു. കഴിഞ്ഞ ബുധനാഴ്ച കലഞ്ഞൂർ ഇഞ്ചപ്പാറയിൽ പുലർച്ചെ ടാപ്പിംഗ് തൊഴിലാളിയെ പുലി ആക്രമിച്ചുവെന്ന വാർത്ത പരന്നതിനെ തുടർന്നാണ് മറ്റ് ഭാഗങ്ങളിലും ഭീതി പടർന്നത്. ബുധനാഴ്ച രാത്രിയിൽ വള്ളിക്കോട് താഴൂർ , ഇടത്തിട്ട, തട്ട ഭാഗങ്ങളിലും പുലിയെ കണ്ടെന്ന അഭ്യൂഹം പടർന്നു.
ഇതോടെ നാട്ടുകാർ കുട്ടികളെ പുറത്ത് വിടാനും തയ്യാറല്ല. പുലർച്ചെ നടക്കാൻ ഇറങ്ങുന്നവരും ഇതോടെ ഭയത്തിലായി. ടാപ്പിംഗ് തൊഴിലാളികളും പുറത്തിറങ്ങാൻ ഭയക്കുകയാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലും വ്യാജ വാർത്തകൾ വരുന്നുണ്ട്. പലരും മുറ്റത്ത് കാണുന്ന കാൽപ്പാടുകളും പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്.
പ്ളാന്റേഷൻ കോർപ്പറേഷന്റെ റബർത്തോട്ടങ്ങളും കാടും നിറഞ്ഞ ധാരാളം പ്രദേശങ്ങളുള്ളതിനാൽ പുലി അവിടേക്ക് എത്തിയേക്കാമെന്ന് നാട്ടുകാർ പറയുന്നു.
കലഞ്ഞൂരിൽ ഇതുവരെയും പുലി സാന്നിദ്ധ്യം കണ്ടെത്തിയിട്ടുമില്ല. ഇവിടെ പുലിയെ കണ്ടെത്താൺ ഡ്രോൺ പറത്തിയിട്ടും ഒരു ദൃശ്യവും ലഭിച്ചിട്ടില്ല. ഇതിനിടെ ചൊവ്വാഴ്ച രാവിലെ അരുവാപ്പുലത്ത് പാൽ സൊസൈറ്റിയിലേക്ക് പോയ ഒരു വീട്ടമ്മ ഏതോ ജീവിയെ കണ്ട് ഭയന്ന് ഓടുന്നതിനിടയിൽ വീണ് പരിക്ക് പറ്റിയിരുന്നു.
വിവരം അറിഞ്ഞ് വനംവകുപ്പ് സ്ഥലത്ത് പരിശോധിച്ചപ്പോൾ പന്നിയുടെ കാൽപ്പാടുകളാണ് കണ്ടത്. പിന്നീട് ഡ്രോൺ പരിശോധന നടന്നിട്ടും ഒന്നും കണ്ടെത്തിയില്ല. കൂടൽ, ഇഞ്ചപ്പാറ, വകയാർ പ്രദേശങ്ങളിലെല്ലാം ഡ്രോൺ പരിശോധന നടക്കുന്നുണ്ട്. സംശയകരമായ കാൽപ്പാടുകളും പരിശോധിക്കുന്നുണ്ട്.