1
പുറമറ്റം പഞ്ചായത്തിലെ ബ്ലോക്ക് മലയിലെ പഴയ മൃഗാശുപത്രി കെട്ടിടം നിലംപൊത്താറായ നിലയിൽ സമീപത്ത് പുതിയതായി നിർമ്മിച്ച ഉപകേന്ദ്രവും

മല്ലപ്പള്ളി :പുറമറ്റം പഞ്ചായത്തിലെ മൃഗസംരക്ഷണ ഉപകേന്ദ്രം നിലം പൊത്താറായിട്ടും അധികാരികൾക്ക് അവഗണന മാത്രം. വെണ്ണിക്കുളത്തെ ബ്ലോക്ക് മലയിലുള്ള കന്നുകാലി ഉപകേന്ദ്രത്തിനാണ് ഈ ഗതി. ഉപ കേന്ദ്രമായി മാറ്റിയതിന് ശേഷം സബ്സെന്റർ തുറക്കാറില്ലെന്ന പരാതിയും വ്യാപകമാകുന്നു. പുറമറ്റത്തിന് സമീപത്തെ കല്ലുപാലത്ത് മൃഗാശുപത്രിയുടെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് ബ്ലോക്ക് മലയിലാണ് ആശുപത്രിയുടെ പ്രവർത്തനം നടന്നിരുന്നത്. പിന്നീട് പുറമറ്റം പഞ്ചായത്ത് ഓഫീസിന് സമീപവും തുടർന്ന് 2005-2010ൽ കല്ലുപാലത്തേക്കും മൃഗാശുപത്രിയുടെ പ്രവർത്തനം മാറ്റിയതോടെയാണ് ബ്ലോക്ക്മലയിലെ മൃഗാശുപത്രി ദുരവസ്ഥയ്ക്ക് കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതോടെ ഇവിടം മൃഗാശുപത്രിയുടെ ഉപകേന്ദ്രമായി മാറുകയും ചെയ്തു. സമീപത്ത് പുതുതായി നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടത്തിലാണ് ഉപ കേന്ദ്രത്തിന്റെ പ്രവർത്തനം നടക്കുന്നത്. പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനോ, അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തുന്നതിനോ അധികാരികൾ നാളിതു വരെയായി തയാറായിട്ടില്ല. ഭിത്തിയിലെ സിമന്റ് തേപ്പുകൾ പല ഭാഗങ്ങളിലും അടർന്ന നിലയിലും, മേൽക്കൂരയിലെ ഓടുകൾ പട്ടികകൾ ദ്രവിച്ച നിലയിലുമാണ്. കന്നുകാലികൾക്ക് കുത്തിവയ്പ്പ് നടത്തുവാൻ ഒരുക്കിയ സ്ഥലത്ത് ഷെഡിന്റെ മേൽക്കൂരയുടെ സ്ഥിതിയും ഭിന്നമല്ല. ആസ്ബസ്റ്റോസ് ഷീറ്റുകൾ ഇളകി മാറുകയും കേടുപാടുകൾ സംഭവിച്ച നിലയിലുമാണ്.ഇതുമൂലം മേൽക്കൂരയുടെ തടികൾ പൂർണമായി ദ്രവിച്ചിട്ടുണ്ട്. ഇതിന്റെ സമീപത്തുള്ള കാലിത്തൊഴുത്തും ജീർണാവസ്ഥയിലാണ്. കെട്ടിടങ്ങൾക്ക് സമീപത്തായി കോഴി വളർത്തലിനായി ഇരുമ്പു ഉല്പന്നങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച കൂടും തകർച്ചയുടെ വക്കിലാണ്.

ഒട്ടുമിക്ക ദിവസങ്ങളിലും തുറക്കാറില്ല

ബ്ലോക്ക് മലയിലും സമീപപ്രദേശത്തുമുള്ള ക്ഷീരകഷകർക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ കന്നുകാലി വികസന ഉപകേന്ദ്രം. കെട്ടിടങ്ങളുടെ തകർച്ചയെ കൂടാതെ ഒരു ജീവനക്കാരി മാത്രമാണ് വല്ലപ്പോഴുമായി ഇവിടെ എത്താറുള്ളതെന്നാണ് ക്ഷീരകർഷകരുടെ പരാതി. ഉപ കേന്ദ്രത്തിന്റെ പ്രവർത്തന സമയംബോർഡിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഒട്ടുമിക്ക ദിവസങ്ങളിലും ഈ അറിയിപ്പ് ബോർഡിൽ മാത്രമേ ഒതുങ്ങാറുള്ളൂ എന്നാണ് കർഷകരുടെ ആക്ഷേപം. കുടുംബശ്രീ അംഗങ്ങൾക്കായി സമീപത്ത് നിർമ്മിച്ചിട്ടുള്ള കോഴി വളർത്തൽ കേന്ദ്രത്തിന്റെ സ്ഥിതിയും ഇവിടെ വ്യത്യസ്തമല്ല.

........................

ബ്ലോക്ക് മലയിലെ പഴയ മൃഗാശുപത്രി കെട്ടിടം ഇന്ന് സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായി മാറിക്കഴിഞ്ഞു കെട്ടിടം പൊളിച്ചു മാറ്റുന്നതിൽ അധികൃതരുടെ വീഴ്ചയാണ്.

ജോസഫ്

(സമീപവാസി)