ചെങ്ങന്നൂർ: 23-ാമത് ചെങ്ങന്നൂർ ഫെസ്റ്റ് ബിസിനസ് ഇന്ത്യാ ഗ്രൗണ്ടിൽ ജനുവരി 13 മുതൽ ആരംഭിക്കും. ഇതിനോടനുബന്ധിച്ച് പുഷ്പഫല സസ്യ പ്രദർശനങ്ങൾ, വ്യാപാര വ്യവസായിക മേളകൾ, ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, എക്സിബിഷനുകൾ, അമ്യൂസ്മെന്റ് പാർക്ക് ഇവക്കു പുറമെ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടാകും. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, സാംസ്കാരിക നായകന്മാർ എന്നിവർ പങ്കെടുക്കുന്ന വിവിധ സമ്മേളനങ്ങൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി പ്രസംഗം, പ്രബന്ധ രചന, ക്വിസ്, കലാമത്സരങ്ങൾ എന്നിവയും സർക്കാർ ഉദ്യോഗസ്ഥർ, കർഷകർ, ക്ഷീര കർഷകർ എന്നിവരെ ആദരിക്കൽ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലെ പത്മാ പുരസ്കാര ജേതാക്കളായ പോത്തൻ ജോസഫ്, പി.എം ജോസഫ്, പദ്മശ്രീ ഗുരു ചെങ്ങന്നൂർ രാമൻപിള്ള എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മാദ്ധ്യമ, കായിക, പുരസ്കാരങ്ങൾക്കു വേണ്ടിയുള്ള അപേക്ഷകളും ക്ഷണിക്കുന്നു. വൈ.എം.സി.എയിൽ ചേർന്ന യോഗത്തിൽ ഫെസ്റ്റ് ചെയർമാൻ പി.എം തോമസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പാണ്ടനാട് രാധാകൃഷ്ണൻ, എബി കുര്യാക്കോസ്, നഗരസഭ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, കെ.ജി കർത്ത, ജോജി ചെറിയാൻ, എം.കെ മനോജ്, കെ .ആർ സോമൻ, പി.വി അജയൻ, കെ.ഷിബു രാജൻ, വരുൺ മട്ടയ്ക്കൽ, മനു കൃഷ്ണൻ, സൂസമ്മ, സുജ ജോൺ എന്നിവർ പങ്കെടുത്തു. 22ന് ഫെസ്റ്റ് സമാപിക്കും.