ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിൽ 28ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ജനുവരി 6ന് കൊടിയേറും. ഫെബ്രുവരി 2നാണ് ആറാട്ട്. ക്ഷേത്രകലകൾക്കു പ്രാധാന്യം നൽകി 28 ദിവസവും വിവിധ കലാപരിപാടികൾ നടത്തുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് എസ്.വി പ്രസാദ് തിരമത്ത്, സെക്രട്ടറി വിനോദ്കുമാർ കരയ്ക്കാട്ട്, ജനറൽ കൺവീനർ ഷൈജു വെളിയത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കൊടിയേറ്റ് ദിവസം 50 പറ അരിയുടെ സമൂഹസദ്യയുണ്ടാകും. ജനുവരി 7ന് ശ്രീകൃഷ്ണനടയിൽ സപ്താഹം ആരംഭിക്കും. 14 മുതൽ ദശാവതാരച്ചാർത്ത് നടക്കും. ക്ഷേത്രത്തിൽ 55 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തി വരികയാണെന്നു ഭാരവാഹികൾ പറഞ്ഞു. പടിഞ്ഞാറെ നടയിൽ പുതിയ കവാടം സ്ഥാപിക്കാനും എം.സി. റോഡിൽ നിന്ന് ഇതുവഴി വാഹനങ്ങൾ കടന്നു പോകും വിധം നവീകരണം നടത്താനും ദേവസ്വം ബോർഡ് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ഒന്നര കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഭക്തരുടെ സഹകരണത്തോടെ ഉമാമഹേശ്വരൻമാർക്ക് ഒരു വിളക്ക് എന്ന പേരിൽ പദ്ധതി ലക്ഷ്യമിടുന്നതായും പറഞ്ഞു.