പത്തനംതിട്ട : നഗരസഭ ബസ് ടെർമിനലിന്റെ യാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ നിന്നുള്ള വിദഗ്ദ്ധ സംഘം യാർഡിൽ പരിശോധന നടത്തി. മുൻപ് സി.ഇ.ടി യിലെ വിദഗ്ദ്ധസംഘം സമർപ്പിച്ച റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അപ്രായോഗികവും വൻ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നതും ആണെന്ന് ചൂണ്ടിക്കാട്ടി സൂപ്രണ്ടിംഗ് എൻജിനീയറുടെ കാര്യാലയം നഗരസഭ സമർപ്പിച്ച എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് നഗരസഭാദ്ധ്യക്ഷന്റെ നേതൃത്വത്തിൽ യാർഡ് നിർമ്മാണം ത്വരിതപ്പെടുത്താൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് ട്രാൻസ്‌പോർട്ടേഷൻ എൻജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ.പ്രിയയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം ബസ് സ്റ്റാൻഡ് സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
വ്യാപാരികളുമായി ചർച്ച
മുമ്പ് ടാർ ചെയ്തിരുന്നതിന്റെയും, നിലവിലുള്ള വെള്ളക്കെട്ടും മഴ പെയ്യുമ്പോഴുള്ള വെള്ളത്തിന്റെ ഒഴുക്കും വിശദമായി പഠിക്കുകയും ബസ് ഓണേഴ്‌സ് പ്രതിനിധികളുമായും വ്യാപാരികളുമായും ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് യാർഡിലെ നിലവിലെ ഉപരിതലത്തിൽ നിന്ന് ഒന്നര മീറ്റർ ആഴത്തിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി എൻജിനീയറിംഗ് കോളേജിലെ മണ്ണ് പരിശോധനാ ലാബിന് കൈമാറി. പരിശോധനാ റിപ്പോർട്ട് വരുന്ന മുറയ്ക്ക് അടങ്കൽ തയാറാക്കി നഗരകാര്യ സൂപ്രണ്ടിംഗ് എൻജിനീയർക്ക് സമർപ്പിക്കും. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ അജിത് കുമാർ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ് നഗരസഭാ കൗൺസിലർ ആർ.സാബു മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.