പള്ളിക്കൽ : അനധികൃത മണ്ണെടുപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി. പഞ്ചായത്തിലെ 5 ,9, 15 ,16 വാർഡുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് വൻതോതിൽ മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പ് അനുമതികൊടുത്ത സാഹചര്യത്തിലാണ് പ്രമേയം പാസാക്കിയത്. ഉയർന്ന പ്രദേശങ്ങൾ ഇടിച്ചുനിരത്തി മണ്ണെടുക്കുന്നത് ജലക്ഷാമത്തിനും പാരിസ്ഥിക പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തി. വൈസ് പ്രസിഡന്റ് എം.മനു, കോൺഗ്രസ് പാർലമെന്ററി പാർട്ടി പ്രസിഡന്റ് മുണ്ടപ്പള്ളി സുഭാഷ് എന്നിവരാണ് പ്രമേയം കൊണ്ടുവന്നത്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റിയിൽ കോൺഗ്രസ് അംഗങ്ങളായ മുണ്ടപ്പള്ളി സുഭാഷ്, ജി പ്രമോദ്, റോസമ്മ സെബാസ്റ്റ്യൻ, ദിവ്യ അനീഷ്, രഞ്ജിനി കൃഷ്ണകുമാർ എന്നിവർ ആവശ്യപ്പെട്ടു.