 
പത്തനംതിട്ട : ക്രിസ്മസ് കാലമായി, നാവിൽ രുചിയുടെ പൂത്തിരി തെളിച്ചുകൊണ്ട് കേക്കുകൾ രുചിഭേദങ്ങളുമായി വിപണിയിൽ നിരന്നു. കൊവിഡിന് ശേഷം വിശാലമായ ക്രിസ്മസ് ആഘോഷമാണ് വരുന്നത്. അതുകൊണ്ടുതന്നെ വിവിധതരം കേക്കുകൾ ആഘോഷമാക്കാൻ ഒരുങ്ങിയിട്ടുണ്ട്. ക്ലബ്ബുകളും പള്ളികളും കൂട്ടായ്മകളും ചേർന്ന് ഹോം മെയ്ഡ് കേക്കുകളും രംഗത്തിറക്കുന്നുണ്ട്. വിവിധ വലുപ്പത്തിലും രൂപത്തിലും പലവിധ വർണ്ണങ്ങൾ ചാലിച്ച കേക്കുകളുടെ ഇടയിൽ ഇന്നും താരം പ്ലം കേക്ക് തന്നെയാണ്. അതിലുമുണ്ട് വ്യത്യസ്തതകൾ.
സാധാരണയായി ലഭ്യമായ പ്ലം കേക്ക്, എക്കണോമി പ്ലം കേക്ക്, റിച്ച് പ്ലം കേക്ക്, എക്‌സോട്ടിക് പ്ലം കേക്ക്, ആൽക്കഹോളിക് പ്ലം കേക്ക്, നോൺ ആൽക്കഹോളിക് പ്ലം കേക്ക് എന്നിങ്ങനെയാണ് ഗുണമേന്മയുള്ള കേക്കുകൾ. 150 മുതൽ 1500 രൂപ വരെ വിലയുള്ള 250 ഗ്രാം മുതൽ 1 കിലാേ വരെയുള്ള കേക്കുകൾ ലഭ്യമാണ്. കൂടുതൽ വിറ്റുപോകുന്ന മറ്റൊരിനം ടീ കേക്കുകളാണ്. കേക്കുകളിലും ആളുകൾ പുതുമ ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ക്യാരറ്റ് കേക്ക്, ഫ്രൂട്ട് കേക്ക്, റം ആൻഡ് റേസിൻസ് കേക്ക്, പൈനാപ്പിൾ കേക്ക്, ജാക്ഫ്രൂട്ട് കേക്ക് എന്നിവ.
കേക്കുകളുടെ വിലയും വ്യത്യസ്തമാണ്. ആവശ്യക്കാരെ ആകർഷിക്കാൻ ഒാഫറുകളുമുണ്ട്. 5 മുതൽ 40 ശതമാനം വരെ വിലക്കുറവിലും ഒന്നെടുത്താൽ ഒന്ന് സൗജന്യമായും ലഭിക്കും.വിലക്കുറവ് വൈറ്റ് കേക്കുകൾക്കും ടീ കേക്കുകൾക്കുമാണ്. വില കൂടുതൽ പ്ലം കേക്കുകൾക്കും. ഹോം മെയ്ഡ് കേക്കുകളിൽ പ്ലം കേക്കിലും ക്യാരറ്റ് കേക്കിലും ഫ്ളേവറുകളിലൂടെ വ്യത്യസ്തതകൾ വരുത്തുവാൻ ശ്രമമുണ്ട്. മൂന്നുവർഷം വരെ പ്രത്യേക മിശ്രിതത്തിൽ കുതിർത്ത മുന്തിയ ഇനം ഡ്രൈ ഫ്രൂട്സുകൾ അടങ്ങിയ കേക്കുകളും ലഭ്യമാണ്.
കേക്കിനാെപ്പം വൈൻ വിപണിയും ആഘോഷത്തിമിർപ്പിലാണ്. മൂന്നുവർഷം വരെ പഴക്കമുള്ള വൈൻ വിപണിയിലുണ്ട്. 200രൂപ മുതൽ മുകളിലേക്കാണ് വില. ഗുണമേന്മയിലും വീര്യത്തിലുമുള്ള വ്യത്യാസം അനുസരിച്ചാണ് വില. മുന്തിരി വൈനിന് പ്രിയമേറിയിട്ടുണ്ട്.