അടൂർ : പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ കൃഷിയിടാധിഷ്ഠിത പദ്ധതി (ഫാം പ്ലാൻ )​ നടപ്പിലാക്കുന്നു. കർഷകർക്ക് ഉയർന്ന സ്ഥിര വരുമാനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കുന്ന കർഷകരുടെ കൃഷിയിടം മണ്ണ്, ജലം ,മൂലധനം ,മറ്റ് വിഭവ സ്രോതസുകൾ സംയോജിപ്പിക്കാവുന്ന സംരംഭങ്ങൾ , ജൈവ പുനചക്രമണം, ഉൽപ്പന്ന വൈവിദ്ധ്യവും മൂല്യ വർദ്ധനയും ,ഉൾപ്പെടെ എല്ലാ സാദ്ധ്യമായ ഘടകങ്ങളെയും യോജിപ്പിച്ച് പരമാവധി ഉദ്പാദനം സാദ്ധ്യമാകുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ശാസ്ത്രീയ കൃഷി രീതികൾ കർഷകരിൽ എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട ഓരോ പഞ്ചായത്തുകളിൽ നിന്നായി 10 കർഷകരെ വീതമാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. കൃഷിശാസ്ത്രജ്ഞന്മാർ ഉൾപ്പെടുന്ന കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ കർഷകർക്ക് നിലവിലുള്ള സ്ഥിതിയിൽ നിന്ന് കൂടുതൽ വരുമാനം ലഭിക്കത്തക്ക രീതിയിലുള്ള ഫാം പ്ലാൻ തയാറാക്കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കുന്ന കർഷകരുടെ കൃഷിയിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഉദ്പന്നങ്ങൾ വിവരണം നടത്തുന്നതിന് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ കേന്ദ്രം ബ്ലോക്ക് അടിസ്ഥാനത്തിൽ രൂപീകരിക്കുന്നതിനും കൃഷിഉൽപ്പന്നങ്ങൾ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിതരണം ചെയ്യുന്നതിനും ഈ പദ്ധതി വഴിസാധിക്കും.