തിരുവല്ല: പരുമല തിക്കപ്പുഴ തിരുവാർമംഗലം മഹാദേവ ക്ഷേത്ര കവർച്ച കേസിലെ പ്രതി പിടിയിലായി. സ്ഥിരം മോഷ്ടാവും തൃശൂർ സ്വദേശിയുമായ സതീശൻ (35) ആണ് പിടിയിലായത്. മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു മോഷണ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി മാന്നാർ പൊലീസിന്റെ വലയിലായത്. തിരുവാർമംഗലം ക്ഷേത്രം ഉൾപ്പെടെ പരുമല പുളിക്കീഴ് സ്റ്റേഷൻ അതിർത്തികളിലായി നിരവധി മോഷണങ്ങൾ നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ മാസം 9ന് പുലർച്ചെയാണ് തിരുവാർമംഗലം ക്ഷേത്രത്തിന്റെ തിടപള്ളി കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപയുടെ ഓട്ടുപകരണങ്ങൾ ഇയാൾ മോഷ്ടിച്ചത്. സി.സി. ടി.വിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കൊട്ടാരക്കരയിൽ നിന്നും പിടിയിലായത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നാല്പതോളം മോഷണക്കേസുകൾ നിലവിലുണ്ടെന്നും പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങുമെന്നും പുളിക്കീഴ് പൊലീസ് പറഞ്ഞു.