
കടമ്പനാട് : യുദ്ധവും യുദ്ധാനന്തര സംഭവങ്ങളും ചർച്ചയാക്കി യുദ്ധ വിജയത്തിന്റെ സ്മരണ പുതുക്കി വിമുക്തഭടൻമാർ. കേരള എക്സ് സർവീസ് ലീഗ് കടമ്പനാട് യൂണിറ്റാണ് 1971 ലെ ഇന്ത്യാ - പാക് യുദ്ധ വിജയത്തിന്റെ സ്മരണാർത്ഥം വിജയ് ദിവസ് ആചരിച്ച് വ്യത്യസ്തമാക്കിയത്. യുദ്ധസ്മാരകത്തിൽ പുഷ്പചക്ര സമർപ്പണവും പുഷ്പാഞ്ജലിയും നടത്തി. യുദ്ധ സാഹചര്യം, തയ്യാറെടുപ്പ്, യുദ്ധ വിജയം, പാക്കിസ്ഥാൻ സൈന്യത്തിന്റെ കീഴടങ്ങൽ , ഇരുരാജ്യങ്ങളുടെയും നഷ്ടങ്ങൾ, യുദ്ധാനന്തര ഫലങ്ങൾ എന്നിവയാണ് ചർച്ചയാക്കിയത്. യുദ്ധത്തിൽ പങ്കെടുത്ത ഭടൻമാർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് പുതുതലമുറയ്ക്ക് കൗതുകമായി.