snehitha

പത്തനംതിട്ട: ജീവതം കൈവിട്ടു പോകുമെന്ന ഘട്ടത്തിൽ പലർക്കും പിടിവള്ളിയായ കുടുംബശ്രീയുടെ സ്ത്രീ ശാക്തീകരണ പ്രസ്ഥാനം സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക് അഞ്ച് വർഷത്തിനുള്ളിൽ അഭയം നൽകിയത് 189 പേർക്ക്. 2634 കേസുകളാണ് സ്നേഹിതയുടെ പരിഗണനയ്ക്ക് വന്നത്. 2017 ഡിസംബർ 19നാണ് സ്നേഹിത നിലവിൽ വന്നത്.

ഗാർഹികപീഡനം, കുടുംബ പ്രശ്‌നങ്ങൾ, മദ്യപാനം മൂലമുള്ള പ്രശ്‌നങ്ങൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ ഭൂരിഭാഗവും. സ്‌നേഹിതയെ സമീപിച്ചവർക്ക് കൗൺസലിംഗ്, മാനസികപിന്തുണ, നിയമസഹായം, മറ്റ് സർക്കാർ സംവിധാനങ്ങളുടെ പിന്തുണ, ഉപജീവന മാർഗങ്ങളിലേക്ക് നയിക്കൽ എന്നിവ ഉറപ്പാക്കിയതായി കുടുംബശീ അധികൃതർ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്ത്രീശാക്തീകരണ പദ്ധതികളെ സമൂഹത്തിന്റെ താഴെത്തട്ടിൽ എത്തിച്ചു. ലിംഗസമത്വം ഉറപ്പാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, സമൂഹത്തിൽ ഒറ്റപ്പെട്ട താമസിക്കുന്നവർക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ സ്‌നേഹിത കോളിംഗ് ബെൽ, പട്ടികവർഗ മേഖലയിൽ വിവിധ അവബോധ പ്രവർത്തനങ്ങൾ എന്നിവ നടത്തി.

അടൂർ പന്തളം കൗൺസലിംഗ് സെന്ററുകൾ, കോളേജ്, സ്‌കൂൾ കേന്ദ്രീകരിച്ച് അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സ്‌നേഹിത @സ്‌കൂൾ,കോളേജ് എന്നീ പദ്ധതികളും നിലവിലുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമായ സ്‌നേഹിതയിൽ രണ്ട് കൗൺസിലർമാർ, 5 സർവീസ് പ്രൊവൈഡർമാർ, രണ്ട് സെക്യൂരിറ്റി, ഒരു ഓഫീസ് അസിസ്റ്റന്റ്, കെയർടേക്കർ ഉൾപ്പെടെ 11 ജീവനക്കാർ ജോലി ചെയ്തുവരുന്നു. സേവനത്തിനായി സമീപിച്ച സ്ത്രീകൾക്ക് തൊഴിൽ പരിശീലനം, തൊഴിൽ എന്നിവ ആരംഭിക്കുന്നതിന് സി.ഡി.എസ്, ഇതര സംവിധാനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്ന ഇടപെടലുകൾ സ്‌നേഹിത ജില്ലാമിഷന്റെ മേൽനോട്ടത്തിൽ നടത്തിവരുന്നു.

അഞ്ചു വർഷം, 189 സ്ത്രീകൾക്ക് തുണയായി.

'' ബന്ധുക്കൾ പോലും കൂടെ നിൽക്കാത്ത ഘട്ടത്തിൽ എന്നെ ചേർത്ത് നിറുത്തി ധൈര്യം നൽകി ഇന്ന് ജീവനോടെ ഇരിക്കാൻ പ്രാപ്തയാക്കി. പുറംലോകം എന്തെന്നറിയാത്ത ധാരാളം പെൺകുട്ടികൾ ഈ ലോകത്തുണ്ട്. സ്‌നേഹിതയുടെ ക്യാമ്പയിനുകൾ എന്നെപ്പോലെ നിരവധി പെൺകുട്ടികൾക്ക് പ്രയോജനം ചെയ്യും.

അരുന്ധതി, അടൂർ