റാന്നി: റാന്നിയിൽ നടക്കുന്ന അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ ഹൈന്ദവ നേതാക്കളുടെ സമ്മേളനം നടന്നു.വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഉദ്ഘാടനം ചെയ്തു. ശരീരവും മനസും ആത്മീയമായി തയാറായാലേ പടി ചവിട്ടാവൂ എന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ഉപയോഗിക്കുന്ന പൂജ ദ്രവ്യങ്ങൾ അശുദ്ധി നിറഞ്ഞതാണ്. ഇത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ പോലും നശിപ്പിക്കുന്നുവെന്നും വിജി തമ്പി പറഞ്ഞു. എല്ലാ ലൈഫ് സ്റ്റൈൽ രോഗങ്ങളുടെയും പിന്നിൽ മാനസിക കാരണങ്ങൾ ഉണ്ടെന്നും കാൻസർ പോലും മാനസിക സംഘർഷങ്ങൾ മൂലമുണ്ടാകുമെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫ.ഡോക്ടർ ബി.പത്മകുമാർ പറഞ്ഞു. റാന്നിയിൽ നടക്കുന്ന അയ്യപ്പ സത്രത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മിതമായ ഭക്ഷണം, ബ്രഹ്മചര്യം, ശുദ്ധമായ വസ്ത്രം, ജപം പ്രാർഥന, സത്‌സംഗങ്ങൾ, ക്ഷേത്ര ദർശനം, നാമ ജപം തുടങ്ങിയവ എല്ലാം ശരീരത്തെയും മനസിനെയും നവീകരിക്കുകയും ചെയ്യുമെന്നും ഡോക്ടർ ബി.പത്മകുമാർ പറഞ്ഞു. സത്ര വേദി ഇത്തരത്തിലുള്ള പ്രോത്സാഹനം ഭക്ത ജനങ്ങൾക്ക് നൽകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡോക്ടർ ജയകുമാർ, ഡോക്ടർ രാജേന്ദ്രൻ,ഡോക്ടർ ആര്യ ലക്ഷ്മി പ്രസാദ്,സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല,ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.