ആറന്മുള : യുവതിയെ കടന്നു പിടിച്ചെന്ന പരാതിയിൽ ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫീസർ സജീഫ് ഖാനെ ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സസ്പെൻഡ് ചെയ്തു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ.വിദ്യാധരൻ, പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാർ എന്നിവരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രാത്രിയാണ് സസ്‌പെൻഷൻ ഉത്തരവ് വന്നത്.

മൂന്നു ദിവസം മുൻപാണ് സംഭവം. യുവതിയെ സ്റ്റേഷന്റെ അടുക്കളയിൽ സജീഫ് ഖാൻ കടന്നു പിടിച്ചെന്നാണ് പരാതി. യുവതി ഇക്കാര്യം സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പരാതി നൽകാതെ പ്രശ്‌നം ഒത്തു തീർപ്പാക്കാൻ ശ്രമം നടന്നിരുന്നു. തുടർന്ന് പത്തനംതിട്ട ഡിവൈ.എസ്.പി യുവതിയെ കൗൺസലിംഗിന് വിട്ട ശേഷം യുവതിയുടെ മൊഴി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തി. ഇൻസ്‌പെക്ടർ ലീലാമ്മയുടെ നേതൃത്വത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചു. സസ്പെൻഷനിലായ സജീഫ്ഖാൻ പത്തനംതിട്ടയിലെ പൊലീസ് ക്വാർട്ടേഴ്‌സിലാണ് താമസിക്കുന്നത്.