റാന്നി: മണ്ണാറക്കുളഞ്ഞി - ശബരിമല പാതയിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് പരാതി .പെരുനാട് പുതുക്കട- ളാഹ മേഖലകളിലെ അപകട വളവുകളിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളാണ് പ്രവർത്തിക്കാത്തത്. സ്ഥിരം അപകട മേഖലയായിട്ടും ഇവിടങ്ങളിൽ വേണ്ട മുൻകരുതലുകൾ എടുത്തിട്ടില്ല എന്നതിന് തെളിവാണിത്. ലൈറ്റുകൾ പ്രവർത്തിക്കുന്നില്ലെങ്കിലും പെയിന്റ് പൂശിമിനുക്കിയ സ്ഥിയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തീർത്ഥാടനം ആരംഭിച്ച് ദിവസങ്ങൾക്കകം ളാഹയിൽ വാഹനം മറിയുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വലിയ അപകടം സംഭവിച്ചിട്ടും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. മുൻകാലത്തെ അപേക്ഷിച്ചു വൻതോതിൽ ഇതുവഴി വാഹനങ്ങൾ വരുന്നുണ്ട്. പുതുക്കട മുതൽ വഴിവിളക്കുകളും ഏർപ്പെടുത്തിയിട്ടില്ല. ഇത് കാൽനടയായി എത്തുന്ന തീർത്ഥാടകർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വന്യ ജീവികളുടെയും ഇഴ ജന്തുക്കളുടെയും ശല്യമുള്ള മേഖലയാണിത്.