ചെങ്ങന്നൂർ: പമ്പാനദി പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കാൻ - സ്പെഷ്യൽ സർവേ ടീമിനെ ആവശ്യപെട്ട് താലൂക്ക് ഓഫീസിൽ നിന്നും കളക്ടർക്ക് കത്ത്. പാണ്ടനാട് പഞ്ചായത്തിനെ വിഭജിച്ച് ഒഴുകുന്ന പമ്പാനദിയുടെ ഇരുകരയിലുമുള്ള തിട്ടയും പുറമ്പോക്ക് ഭൂമിയും സർക്കാർ കണ്ടെടുക്കണമെന്നും, കായ്ഫലമുള്ള മരങ്ങളുടെ മേലാദായം മാത്രം ലേലം ചെയ്ത് ഭൂമി സർക്കാർ സംരക്ഷിച്ചു കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കൃഷി ചെയ്യുന്നതിനുള്ള അവസരം സൃഷ്ടിക്കണമെന്നും കാട്ടി പൊതു പ്രവർത്തകൻ പാണ്ടനാട് കലാസനൻ പഞ്ചായത്തിനും വകുപ്പ് മന്ത്രിയും പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഭൂരേഖ അധികൃതർ സർവേ ടീമിനെ ആവശ്യപെട്ട് കളക്ടർക്ക് കത്ത് അയച്ചത്. കൈയേറ്റം ഗ്രാമസഭയിൽ ചർച്ചയായി പുറമ്പോക്ക് കൈയേറ്റം സംബന്ധിച്ച വിഷയം ഗ്രാമസഭയിൽ ചർച്ചയായിരുന്നു. എന്നാൽ പഞ്ചായത്ത് ഈ വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാത്തതിനാൽ പരാതിക്കാരൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും റവന്യുമന്ത്രിക്കും പരാതി നൽകി. ഇതേ തുടർന്ന് പഞ്ചായത്ത് ഡയറക്ടർ ഓഫീസിൽ നിന്നും പരാതിയിൻമേൽ അന്വേഷിച്ച് തുടർ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അറിയിപ്പ് ലഭിച്ചിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് ഭരണകൂടം പ്രത്യേക യോഗം കൂടി. പമ്പാനദിയുടെ ഇരുകരകളുടെയും പുറമ്പോക്ക് ഭൂമി സംബന്ധിച്ചുള്ള അവകാശം പമ്പാ റിവർ ബേസിൻ അതോറിറ്റിയുടെ ചുമതലയിൽ ആയതിനാൽ വിഷയം ചർച്ച ചെയ്ത റിപ്പോർട്ട് റിവർ ബേസിൻ കമ്മിറ്റിക്ക് നൽകിയതായി സെക്രട്ടറി പരാതിക്കാരനെ അറിയിച്ചു. എന്നാൻ അവിടെ നിന്നും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. വ്യാവക കൈയേറ്റമെന്ന് വില്ലേജ് ഓഫീസർ പുറമ്പോക്ക് കൈയേറ്റം സംബന്ധിച്ച് കമലാസനൻ റവന്യൂ മന്ത്രിക്ക് കൊടുത്ത പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിക്കുകയും ൈകയ്യേറ്റം ഉള്ളതായി സ്ഥിരീകരിക്കുകയും ചെയ്തു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലം അളക്കുന്നതിനും കൈയേറ്റം ഒഴിപ്പിക്കുന്നതിന് സ്പെഷ്യൽ സർവേ ടീമിനെ നിയമിച്ചാൽ മാത്രമെ സമയബന്ധിതമായി തിട്ടപ്പെടുത്തുവാൻ സാധിക്കുകയുള്ളു എന്ന് ഭൂരേഖ തഹസിൽദാർ കളക്ട്രേറ്റിലേക്ക് മറുപടി നൽകി.