1

മല്ലപ്പള്ളി : ഡോ.ഭക്തി പി.ജോസഫ്, പേര് പോലെ തന്നെ ജീവിതത്തിലും ഏറെ പ്രത്യേകതയുള്ളയാൾ. ആനിക്കാട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ എന്നതിലുപരി വിധിയെ തോൽപ്പിച്ച നല്ലൊരു മൃഗസ്നേഹിയും കർഷകനുമാണ് ഇദ്ദേഹം.

തുരുത്തിക്കാട് ബി.എ.എം കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ജീവിതം മാറ്റിമറിച്ച അപകടം ഭക്തിക്ക് ഉണ്ടായത്. സ്വന്തംവീടിന്റെ പണികൾ നടക്കുന്നതിനിടെ കോൺക്രീറ്റ് പാളി അടർന്നുവീണ് വലതുകൈ പോയി​​. ഒരു കൈനഷ്ടമായെങ്കിലും തോറ്റുകൊടുക്കാൻ മനസ് അനുവദിച്ചില്ല. ഏറെ പരിശ്രമിച്ച് 1993ൽ ഹോമിയോ ഡോക്ടറായി. അന്നത്തെ കേന്ദ്രവ്യവസായ സഹമന്ത്രി പ്രൊഫ.പി.ജെ കുര്യൻ പുതുശേരിയിൽ അദ്ദേഹത്തിന്റെ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. പിന്നീട് ക്ളിനി​ക്ക് മല്ലപ്പള്ളി

ടൗണിലേക്ക് മാറ്റി. ഹോമിയോ ഡോക്ടർ എന്നതിലുപരി വിവിധ മേഖലകളിൽ അദ്ദേഹം ഇടംകണ്ടെത്തി. ഒരു കൈ കൊണ്ട് കാറോടിച്ച്

എവിടെയും യാത്രചെയ്യും. കുതിരയുൾപ്പെടെ നിരവധി പക്ഷിമൃഗാദികൾ

ഡോക്ടറുടെ ജീവിതത്തിന് ഒപ്പമുണ്ട്. ഇടവേളകൾ ഇവയെ പരിപാലിക്കുന്നതിനും കൃഷിക്കുമായി നീക്കിവച്ചിരിക്കുന്നു. കരനെൽകൃഷിയിലും ജൈവപച്ചക്കറി ഉൾപ്പെടെയുള്ള

കൃഷികളിലും തൽപ്പരനാണ് ഇദ്ദേഹം.

കൈപ്പുണ്യമറിഞ്ഞ് ഡോ.ഭക്തിയെ തേടി നാടിന്റെ നാനാഭാഗത്ത് നിന്ന് രോഗികൾ എത്തുന്നുണ്ട്. തന്റെ പ്രാക്ടീസിന്റെ സിൽവർ ജൂബിലി വർഷത്തിൽ ഹോമിയോപ്പതിയിൽ ഗവേഷണം നടത്തുന്ന സ്ഥാപനം ആരംഭിക്കുന്ന തിരക്കിലാണ് ഇദ്ദേഹം.

തുടർച്ചയായി 40 വർഷം പഞ്ചായത്ത് അംഗവും ദന്ത ഡോക്ടറുമായിരുന്ന പെരിഞ്ചേരിമണ്ണിൽ ഡോ.പി.ടി.ജോസഫിന്റെയും അദ്ധ്യാപിക പി.ജെ.ഏലിയാമ്മയുടെയും മകനാണ് ഭക്തി​. കരുനാഗപ്പള്ളി​ ഫസ്റ്റ് ക്ലാസ് കോടതിയി​ലെ മജിസ്ട്രേറ്റ് മറിയം ശലോമിയാണ് ഭാര്യ.